കോട്ടയം: റിട്ട. അധ്യാപികയുടെ പെൻഷൻ തുകയടങ്ങിയ ബാഗ് തട്ടിയെടുത്തവരെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പൊക്കി. ബൈക്കിലെത്തി ബാഗ് തട്ടിപ്പറിച്ചവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. രണ്ടാം പ്രതി പരിപ്പ് മുട്ടേൽകോളനിയിൽ ടി.സി.വാവയുടെ മകൻ ജയരാജ് (22) ആണ്. ഇവർ തട്ടിയെടുത്ത 18,000 രൂപ വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. മോഷണത്തിനുപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
അയ്മനം പള്ളിക്കവലയിൽ ഇന്നലെ രാവിലെ 11.15നാണ് ബാഗ് തട്ടിപ്പറിച്ച സംഭവമുണ്ടായത്. അയ്മനം സ്വദേശി ചെല്ലമ്മ (75) അയ്മനം എസ്ബിഐയിൽ നിന്നെടുത്ത പെൻഷൻ തുകയുമായി തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ബാഗ് തട്ടിപ്പറിച്ച് പായുകയായിരുന്നു. കവർച്ച നടന്ന സ്ഥലത്തെ വീട്ടിലെ സിസിടിവി കാമറയിൽ പ്രതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതാണ് ഇവരെ പെട്ടെന്നു പിടികൂടാൻ കഴിഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ വച്ച് നടത്തിയ അന്വേഷണത്തിൽ മുട്ടേൽ കോളനിയിലുള്ള രണ്ടുപേരാണ് കവർച്ചയ്ക്കു പിന്നിലെന്ന് വ്യക്തമായി. പോലീസ് ഇവരുടെ വീട്ടിൽ എത്തുന്പോൾ സിസിടിവി ദൃശ്യത്തിൽ കണ്ട ബൈക്ക് വീട്ടിലിരിപ്പുണ്ടായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. രണ്ടാം പ്രതി ജയരാജന്റേതാണ് ബൈക്ക്. ബൈക്കിനു പിന്നിലിരുന്ന പ്രായപൂർത്തിയാകാത്ത പതിനേഴുകാരനാണ് വയോധികയിൽ നിന്ന് ബാഗ് തട്ടിയെടുത്തത്. ഇയാൾ പ്ലസ് വണ്‍ വിദ്യാർഥിയാണ്.
ജയരാജ് കഞ്ചാവ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വാങ്ങാനുള്ള പണത്തിനാണ് കവർച്ച നടത്തിയതെന്ന് ഇയാൾ പോലീസിന് മൊഴി നല്കി. പ്രായപൂർത്തിയാകാത്തയാളെയും ഇതിനായി കൂട്ടുകയായിരുന്നു. മുട്ടേൽ കോളനിയിലെ കളിക്കളത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ബാഗും പണവും ഒളിപ്പിച്ചു വച്ചത്. ബാഗിൽനിന്ന് 500 രൂപയെടുത്തെങ്കിലും അത് ചെലവാക്കുന്നതിനു മുൻപേ പോലീസിന്റെ പിടിയിലായി.
വയോധിക പെൻഷൻ വാങ്ങി വരുന്നത് ഇതിനു മൻപും ജയരാജ് കണ്ടിട്ടുണ്ട്. അങ്ങനെയാണ് മോഷണത്തിനുള്ള പദ്ധതി തയാറാക്കിയത്. ബാഗ് തട്ടിയെടുത്ത ശേഷം ഇവർ നേരേ പോയത് വീട്ടിലേക്കാണ്. ഇവർ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുന്നത് കണ്ടവരുണ്ട്. വീട്ടിലെത്തി ബൈക്ക് വച്ച ശേഷം ബാഗ് കാട്ടിൽ ഒളിപ്പിച്ചു. പിന്നീട് ഒന്നും അറിയാത്ത മട്ടിൽ പുറത്തേക്ക് പോയി.
വെസ്റ്റ് എസ്എച്ച്ഒ എം.ജെ.അരുണ്‍, എസ്ഐമാരായ ടി.ശ്രീജിത്, രമേശ്, സുരേഷ്, സിപിഒമാരായ സജീവ്, സുദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിലും രണ്ടാം പ്രതി ജയരാജിനെ മജിസ്ട്രേട്ട് കോടതിയിലും ഹാജരാക്കും.