പുതുവർഷദിനത്തിൽ ലോകത്ത് ഏറ്റവുമധികം കുഞ്ഞുങ്ങൾ പിറന്നത് ഇന്ത്യയിൽ. 67,385 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ പിറന്നത്. ലോകത്താകെ ജനുവരി ഒന്നിനു പിറന്നത് 392,078 കുഞ്ഞുങ്ങളാണ്. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ പിറന്നത് 46,299 കുഞ്ഞുങ്ങളാണ്.
26,039 കുഞ്ഞുങ്ങൾ പിറന്ന നൈജീരിയ ആണു മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാൻ (16,787), ഇന്തോനേഷ്യ (13,020), അമേരിക്ക(10,452), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (10,247), എത്യോപ്യ (8493) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ കണക്ക്. 2020ലെ ആദ്യകുഞ്ഞ് പിറന്നത് ഫിജിയിലാണ്. പുതുവർഷദിനത്തിൽ അവസാനം കുഞ്ഞു പിറന്നത് അമേരിക്കയിലാണ്.
143 കോടി ജനങ്ങളുള്ള ചൈനയാണു ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത്. 137 കോടി ജനങ്ങളുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലോകജനസംഖ്യയുടെ 19 ശതമാനം ചൈനയിലും 18 ശതമാനം ഇന്ത്യയിലുമാണ്. 2027-ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്താകും.
2019നും 2050നും ഇടയിൽ ഇന്ത്യയിലെ ജനസംഖ്യ 27.3 കോടി വർധിക്കുമെന്നാണു കണക്കാക്കുന്നത്. ഇതേ കാലയളവിൽ നൈജീരിയിലെ ജനസംഖ്യ 20 കോടി ഉയരുമെന്നും ലോകജനസംഖ്യയിൽ നൈജീരിയ മൂന്നാം സ്ഥാനത്ത് എത്തുമെന്നുമാണു വിലയിരുത്തൽ. അമേരിക്ക നാലാം സ്ഥാനത്തും പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്തും എത്തും. ഇപ്പോൾ ലോകജനസംഖ്യ 780 കോടിയാണ്. 2100 ആകുന്പോഴേക്കും ഇത് 1100 കോടിയാകും.
പുതുവർഷത്തിന്റെയും പുതുദശകത്തിന്റെയും തുടക്കം നമ്മുടെയും നമുക്കു പിന്നാലെ വരുന്നവരുടെയും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കാനുള്ള അവസരമാണെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെന്റിയേറ്റ ഫോറെ പറഞ്ഞു. എല്ലാ വർഷവും പുതുവർഷത്തിൽ ജനിക്കുന്ന കുട്ടികളുടെ ജനനം യുനിസെഫ് ആഘോഷിക്കാറുണ്ട്. നവജാത ശിശുക്കളുടെ മരണവും കൂടുന്നുണ്ടെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടി.
2018ൽ 25 ദശലക്ഷം നവജാതശിശുക്കൾ ആദ്യമാസത്തിൽത്തന്നെ മരിച്ചു. ഇതിൽ മൂന്നിലൊന്നും ജനിച്ചദിവസം തന്നെ മരിച്ചു. ഓരോ വർഷം 25 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ ചാപിള്ളയായി ജനിക്കുന്നു.