എംജെ ശ്രീജിത്ത്
തിരുവനന്തപുരം: മാനസിക അസ്വാസ്ഥ്യമുള്ള രോഗികളെ പരിപാലിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പകൽവീട് പദ്ധതി നിലയ്ക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടി (ഡിഎം എച്ച് പി)യാണ് നിലയ്ക്കുന്നത്. കേരളം അടുത്തിടെ നടപ്പിലാക്കിയ പദ്ധതികളിൽ ഏറെ പ്രശംസ നേടിയ പദ്ധതിയാണ് പകൽവീട്.
മാനസികരോഗമുള്ളവരെ പരിചരിക്കാനും ചികിത്സയ്ക്കു ശേഷം ഭേദമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്താനുമുള്ള പദ്ധതിയാണ് ഡിഎംഎച്ച്പി. രോഗികളായവരെ രാവിലെ വീടുകളിൽ നിന്നും കുട്ടികൊണ്ടുപോയി ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സബ്സെന്ററിലെത്തിച്ച് അവർക്ക് വേണ്ട ചികിത്സയും പരിചരണവും പരിശീലനവും നൽകുന്നതാണ് പദ്ധതി.
രോഗം മാറിയിട്ടും വീടുകളിൽ ചടഞ്ഞു കൂടി ഇരുന്നു വീണ്ടും രോഗാവസ്ഥയിലേയ്ക്ക് വീഴുന്ന ഒരു വലിയ വിഭാഗത്തെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുന്ന പദ്ധതി കേരളം രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഈ പദ്ധതിയുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഗ്രാമപഞ്ചായത്തിലാണ് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആദ്യം ഈ പദ്ധതി ആരംഭിച്ചത്.
കേന്ദ്രസർക്കാരിന്റെ ഫണ്ടും സംസ്ഥാന സർക്കാരിന്റെ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. സ്വകാര്യ വാഹനം കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുത്ത് രോഗികളെ രാവിലെ വീടുകളിൽ നിന്നും നഴിംഗ് സ്റ്റാഫ് ഉൾപ്പടെയുള്ളവർ എത്തി കൂട്ടികൊണ്ടുപോകുകയും അവരുടെ പരിചരണവും ചികിത്സയും പരിശീലനവും നൽകിയ ശേഷം വൈകുന്നേരം നാലുമണിയോടെ തിരികെ വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് പകൽവീട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ ആദ്യരണ്ടു വർഷവും നല്ല രീതിയിൽ പോയ പദ്ധതി പിന്നീട് അങ്ങോട്ട് താളം തെറ്റുകയായിരുന്നു. സർക്കാർ നൽകിയിരുന്ന ഫണ്ട് വെട്ടികുറയ്ക്കുകയും ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുകയും ഈ പദ്ധതിയുടെ തലപ്പത്തിരിക്കുന്ന ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സ്വാർഥ താത്പര്യവും പദ്ധതി നിലയ്ക്കുന്ന ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിൽ ആര്യനാടും കോട്ടുകാൽ പഞ്ചായത്തിലുമാണ് പദ്ധതി. ഇതുപോലെ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും പകൽവീടുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ നോഡൽ ഓഫീസറുടെ കീഴിൽ മാനസികരോഗ വിദഗ്ദർ നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് സോഷ്യൽ വർക്കർമാർ ക്ലീനിംഗ് സ്റ്റാഫ് വാഹനങ്ങൾ തുടങ്ങി വിപുലമായ സംവിധാനത്തിലാണ് പദ്ധതി ആരംഭിച്ചത്.
സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായിട്ടാണ് സെന്ററുകൾ ആരംഭിച്ചത്. തുടക്കത്തിൽ രോഗികളെ ഇവിടേയ്ക്ക് വിടാൻ മടികാണിച്ചിരുന്നവർ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ മനസിലാക്കിയതോടെ രോഗികളെ ഇവിടേയ്ക്ക് വിടുകയും മുടങ്ങാതെ ഇവിടെ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സർക്കാരിന്റെ ആദ്യഘട്ടത്തിൽ ഒരു വീഴ്ചയും ഉണ്ടായിരുന്നില്ല. പിന്നീട് കൃത്യമായി ഫണ്ട് അനുവദിക്കാതായി ഉണ്ടായിരുന്ന ഫണ്ട് ട്രഷറി നിയന്ത്രണം വന്നതോടെ തിരികെ അടയ്ക്കേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.
ടി.വി, പത്രം, മാസിക, മാനസികോല്ലാസത്തിനുള്ള ഉപാധികൾ എന്നിവ എല്ലാ സെന്ററിലും വേണമെന്നാണെങ്കിലും പലയിടത്തും ഇതൊന്നുമില്ല. എന്നാൽ കൃത്യമായ ഫണ്ട് വിനിയോഗിക്കാതെ കോടികൾ കെട്ടിക്കിടന്നപ്പോൾ തിരികെ പിടിച്ചുവെന്നാണ് സർക്കാർ പറയുന്നത്. എന്തായാലും ഇതോടെ പദ്ധതിയുടെ പ്രവർത്തനം താളംതെറ്റി തുടങ്ങി.
ആദ്യം ജീവനക്കാരുടെ എണ്ണം കുറച്ചു. അതിനു ശേഷം കരാർ അടിസ്ഥാനത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ വാടക കൊടുക്കാതായി. നാലും അഞ്ചും മാസം ഓടുന്പോൾ ഒരുമാസത്തെ വാടക കൊടുക്കും. ഈ സ്ഥിതി തുടർന്നതോടെ വാഹന ഉടമകൾ ഓട്ടം നിർത്തി. ഉച്ചഭക്ഷണവും വൈകുന്നേരം ചായയും സ്നാക്സും ഉണ്ടായിരുന്നു. ഇതു കുടുംബശ്രീവഴിയാണ് വിതരണം ചെയ്തിരുന്നത്.
മാസങ്ങളായി ഭക്ഷണത്തിന്റെ പണം ലഭിക്കാതായതോടെ ഇവരും നിർത്തി. കഴിഞ്ഞ നാലു മാസമായി ആര്യനാട് ഗ്രാമപഞ്ചയത്തിലേയും കോട്ടുകാൽ ഗ്രാമപഞ്ചായത്തിലേയും പകൽവീട് സെന്ററിൽ വാഹനം ഓടുന്നില്ല. മുപ്പതോളം വീതം രോഗികളാണ് രണ്ടു സെന്ററുകളിലും ഉള്ളത്. ഇവരിൽ ചിലർ നടന്നുവരും മറ്റുചിലരെ ബന്ധുക്കൾ സെന്ററുകളിലെത്തിക്കും.
വരാൻ പറ്റാത്തവർ വീടുകളിൽ കഴിയുകയാണ്. ഇവർക്ക് കൃത്യമായി നൽകേണ്ട മരുന്നുകൾ ഇപ്പോൾ ലഭിക്കാറില്ല. ഡോക്ടർമാർ മാസത്തിലൊരിക്കൽ വന്നു സെന്ററിൽ വന്നു പരിശോധിക്കുകയും മരുന്നുകൾ നൽകുകയും ചെയ്യുമായിരുന്നു ഇതെല്ലാം നിലച്ചു. ഇപ്പോൾ രണ്ടിടത്തും പകൽവീട് എന്ന ബോർഡുണ്ട് നഴ്സടക്കം രണ്ടു ജീവനക്കാരുണ്ട്. നേരത്തെ ഉണ്ടായിരുന്ന ചില ജീവനക്കാരെ പിരിച്ചുവിട്ടു.
നിലവിലെ ജീവനക്കാർക്ക് എത്രനാൾ ജോലി ഉണ്ടാകുമെന്ന ഉറപ്പില്ല. ഈ പദ്ധതിയുടെ തലപ്പത്തിരിക്കുന്ന ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സ്വാർഥ താത്പര്യങ്ങളുമാണ് പദ്ധതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ ഇവർക്കു ഒരു താത്പര്യവുമില്ല. ഇതിന്റെ മേൽനോട്ടം വഹിക്കുന്ന പഞ്ചായത്തുകളാകട്ടെ ഇതിൽ ഇടപെടുന്നുമില്ല. ഇതു തിരുവനന്തപുരം ജില്ലയിലെ മാത്രം കാര്യമല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും അവസ്ഥ ഇതിനു സമാനമാണ്.
പദ്ധതി പഞ്ചായത്തുകളെ എൽപ്പിക്കാൻ പോകുന്നതുകൊണ്ടാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് ഡിഎംഎച്ച്പി അധികൃതർ പറയുന്നത്. സമൂഹവുമായി ബന്ധപ്പെടാതെ ഒതുങ്ങി കൂടിയിരുന്ന ഒരു ജനവിഭാഗത്തെ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവന്നിട്ട്. അവരെ പാതി വഴിയിൽ ഉപേക്ഷിക്കുന്പോൾ അവർ പഴയജീവിത സാഹചര്യത്തിലേയ്ക്ക് മടങ്ങിപോകുമെന്ന് സർക്കാരെങ്കിലും ചിന്തിക്കണം.