കളമശേരി: നോർത്ത് കളമശേരി ഏലൂർ റോഡിൽ മാർജിൻ ഫ്രീമാർക്കറ്റ് ഷോപ്പിന്റെ പുറക് വശത്തെ ഷട്ടർ കുത്തിത്തുറന്നു കവർച്ച. അരലക്ഷം രൂപയിലധികം നഷ്ടപ്പെട്ടതായി ഉടമ കളമശേരി പോലീസിൽ പരാതി നൽകി.നവവത്സരാരംഭ ദിനത്തിൽ രാത്രി10 ഓടെയാണ് മാർജിൻ ഫ്രീമാർക്കറ്റ് പൂട്ടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷൻ ഇന്നലെ രാവിലെ ബാങ്കിടലടയ്ക്കാൻ വച്ചിരുന്നതാണെന്ന് ഉടമ സജി പറഞ്ഞു.
രവിലെ ഒൻപതോടെ തൊഴിലാളികൾ കട തുറന്ന് അകത്ത് കടന്നപ്പോൾ മേശയുടെ ട്രാക്കുകളും അലമാരയും തുറന്ന് കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് വിശദ അന്വേഷണം നടത്തി വരുന്നതായി കളമശേരി പോലീസ് പറഞ്ഞു.
കളമശേരി പരിസരപ്രദേശങ്ങളിൽ മോഷണം പെരുകുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ നിരവധി മോഷണങ്ങൾ നടന്നു. ചിലത് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്.പലതിലും പ്രതികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞവർഷം മേയിൽ കളമശേരിയിൽ ഒരു ബാങ്കിലെ ശാഖയുടെ ഭിത്തി തുരന്ന് മോഷണ ശ്രമം നടന്നിരുന്നു. ഇൗ സംഭവങ്ങളിലൊന്നും പ്രതികൾ പിടിയിലായില്ല. ഇതരസംസ്ഥാനക്കാരുടെ വൻതോതിലുള്ള സാന്നിധ്യവും പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നുണ്ട്.