തൃശൂർ: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ചുനടത്തുന്നതോടെ പരീക്ഷാമുറിയിൽ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയോളമാകുന്നതു പരീക്ഷാ നടത്തിപ്പിനെ ബാധിക്കുമെന്ന് അധ്യാപകർ. കഴിഞ്ഞവർഷംവരെ എസ്എസ്എൽസി പരീക്ഷയ്ക്കു ഹാളിൽ 20 പേരെയും ഹയർസെക്കൻഡറി പരീക്ഷാ ഹാളിൽ 30 പേരെയുമാണ് പരീക്ഷ എഴുതിച്ചിരുന്നത്. ഈ വർഷം മുതൽ ഇരുപരീക്ഷകളും ഒന്നിച്ചു നടത്തുന്നതിനാൽ ഒരു ക്ലാസിൽ 30 മുതൽ 39 വരെ കുട്ടികളെ ഇരുത്തി പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
ഒരു ഡസ്കിന്റെ രണ്ടറ്റത്തും എസ്എസ്എൽസി വിദ്യാർഥികളേയും നടുവിൽ ഹയർ സെക്കൻഡറി വിദ്യാർഥിയേയും ഇരുത്തി പരീക്ഷ എഴുതിക്കണമെന്നാണു നിർദേശം. ഇതിനായി 13 ബഞ്ചും ഡസ്ക്കും ഒരു ക്ലാസിൽ വേണ്ടിവരും. അങ്ങനെ ചെയ്താൽ പരീക്ഷാ ഹാളിൽ എല്ലായിടത്തും ഇൻവിജിലേറ്റർക്ക് എത്താൻ പ്രയാസമാകും. കൂടുതൽ ഉത്തരക്കടലാസുകൾ വിതരണം ചെയ്യാനും ബുദ്ധിമുട്ടാകും. കുട്ടികൾക്കു സമയനഷ്ടം ഉണ്ടാകും.
കുട്ടികൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതുമൂലം കോപ്പിയടി വർധിക്കാനും സാധ്യതയുണ്ട്. പരീക്ഷ ക്ലാസ് മുറികൾ ആൾക്കൂട്ടമാകുന്നതോടെ ശാന്തമായി പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെടും: അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
കൂടുതൽ ക്ലാസ് മുറികൾ ലഭ്യമാണെങ്കിൽ ഒരു മുറിയിൽ പത്തു ബഞ്ചും ഡസ്കും മാത്രം ഉപയോഗിച്ചാൽ മതിയാകും.
20 എസ്എസ്എൽസി വിദ്യാർഥികളേയും നടുവിൽ പത്തു ഹയർസെക്കൻഡറി വിദ്യാർഥികളേയും ഇരുത്തി പരീക്ഷ എഴുതിക്കാമെന്നും സർക്കുലറിൽ പറയുന്നു. പരീക്ഷകൾ ഒന്നിച്ചാണ് നടത്തുന്നതെങ്കിലും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കു ചോദ്യപ്പേപ്പർ വിതരണത്തിനും മേൽനോട്ടത്തിനും ചുമതലക്കാരായ ഡെപ്യൂട്ടി ചീഫ്, ചീഫ് സൂപ്രണ്ട് എന്നിവർ വെവ്വേറെയാണ്.
ഇൻവിജിലേറ്റർമാരുടെ നിയമനം ഹൈസ്കൂൾ തലത്തിൽ ഡിഇഒ ഓഫീസും ഹയർ സെക്കൻഡറി തലത്തിൽ ഹയർ സെക്കൻഡറി വകുപ്പുമാണു നടത്തുക. വ്യത്യസ്തരായ രണ്ടു ചീഫ് സൂപ്രണ്ടുമാരുടെ കീഴിലുള്ള ഇൻവിജിലേറ്റർമാർ ഒരേസമയം എങ്ങനെയാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഒരേസമയം മേൽനോട്ടം വഹിക്കുന്നതെന്നും അധ്യാപകർ ആശങ്ക പ്രകടിപ്പിക്കുന്നു.
ഹയർസെക്കൻഡറി ചീഫിനു ഹൈസ്കൂൾ ഇൻവിജിലേറ്ററെയോ ഹൈസ്കൂളിലെ ചീഫിനു ഹയർസെക്കൻഡറി ഇൻവിജിലേറ്ററെയോ നിയന്ത്രിക്കാൻ കഴിയില്ലെന്നു എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. വർഗീസ് ചൂണ്ടിക്കാട്ടി.