കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്തു വിദേശമദ്യവിൽപ്പനയ്ക്കുള്ള ഒന്നാംതീയതി വിലക്ക് നീക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. മാർച്ചിൽ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മാത്രമെ ഇത്തരം കാര്യങ്ങൾ പരിഗണിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
വർഷങ്ങൾക്കു മുന്‍പ് ഏർപ്പെടുത്തിയ ഡ്രൈ ഡേ സന്പ്രദായം ഉപേക്ഷിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എല്ലാ മാസവും ഒന്നാംതീയതി ബിവറേജസ്/കണ്‍സ്യൂമർ ഫെഡ് ഒൗട്ട്ലെറ്റുകളും ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണു സർക്കാർ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ശന്പളദിവസം കണക്കിലെടുത്താണു പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്. തീരുമാനം പ്രാബല്യത്തിൽ വന്നാൽ, ഇ.കെ. നായനാർ സർക്കാരിൽ, ടി. ശിവദാസമേനോൻ എക്സൈസ് മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനമാണു പിണറായി സർക്കാർ തിരുത്തുക.