പത്തനംതിട്ട: വള്ളിക്കോട്ടുകാരൻ ശ്യാമിന്റെ വിരലുകൾ കൂട്ടിമുട്ടിയാൽ ഉയരുന്നത് വാദ്യമേളങ്ങളുടെ വിസ്മയ സംഗീതം. ഗാനങ്ങൾക്ക് വിരലുകൾകൊണ്ട് മാത്രം താളവാദ്യമൊരുക്കുന്ന ഇരുപത്തിരണ്ടുകാരൻ ശ്യാം എം. വള്ളിക്കോട് സംഗീതലോകത്തിന് ഇന്ന് അത്ഭുതം. ലോകത്ത് ആദ്യമായി ഈ വിദ്യ സ്വായത്തമാക്കിയ ശ്യാമിനെ തേടിയെത്തിയത് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും.
അങ്ങാടിക്കൽ ദേവസ്വംബോർഡ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് ശ്യാം സ്വന്തമായി വിരലുകളെ വാദ്യോപകരണമാക്കാൻ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രയാസമേറിയ ശ്രമമായിരുന്നെങ്കിലും പിന്നീട് വിരലുകൾ പതിയെ വഴങ്ങി. കലാരൂപത്തിന് ശ്യാം സ്വന്തമായി പേരുമിട്ടു, ഫിങ്കർ ഡ്രം. ബിരുദ പഠനത്തിന് കോളജിലെത്തിയതോടെയാണ് ഈ അപൂർവ കഴിവ് പുറംലോകം അറിയാൻ തുടങ്ങിയത്.
കൂട്ടുകാരായിരുന്നു പിന്നിൽ. ഫേസ് ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ശ്യാമിന്റെ പ്രകടനം വൈറലായി. ഇതോടെ ഒന്നുരണ്ടു ചാനലുകളിലും അവസരം ലഭിച്ചു. തിരുവനന്തപുരം സ്റ്റാച്യൂവിൽ നടത്തിയ പ്രകടനമാണ് വേൾഡ് റെക്കോർഡിലേക്ക് പരിഗണിക്കപ്പെട്ടത്.
മിക്കവാറും എല്ലാ പാട്ടുകൾക്കും വിരലുകൾകൊണ്ട് ശ്യാം ഇന്ന് താളവാദ്യം ഒരുക്കാറുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ വിദ്യാർഥിയാണ് ശ്യാം. റിട്ടയേഡ് ഉദ്യോഗസ്ഥൻ വി. എസ് . മുരളീധരൻ നായരുടെയും പത്തനംതിട്ട ബിആർസിയിലെ റിസോഴ്സ് അധ്യാപിക എൻ. പത്മകുമാരിയുടെയും മകനാണ് ഈ കലാകാരൻ. ശരത്തും ശരണുമാണ് സഹോദരങ്ങൾ.