ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ പൈപ്പുകളിലൂടെയുള്ള ജലവിതരണം മുടങ്ങി. മാരംകുളം, നിർമലപുരം നാഗപ്പാറ, കരിപ്പാൽ, ചുങ്കപ്പാറ, തോട്ടത്തുംങ്കുഴി. പുളിക്കൻപാറ പ്രദേശങ്ങളിലാണ് ജലക്ഷാമം. മലന്പാറ മേജർ കുടിവെള്ള പദ്ധതിയുടെ കുന്നനോലിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണിയിൽ നിന്നും ജലവിതരണം നടത്തിയിരുന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി വെള്ളം മുടങ്ങിയിരിക്കുന്നത്.
ചാലാപ്പള്ളി – കോട്ടാങ്ങൽ റോഡ് നവികരണം നടത്തിയപ്പോൾ കുടിവെള്ള വിതരണക്കുഴലിന് കേടുപാടു സംഭവിച്ചതോടെയാണ് ജലവിതരണം തടസപ്പെട്ടതെന്ന് ജലഅഥോറിറ്റി അധികൃതർ പറയുന്നു. സ്വാമി കുന്നുമുതൽ ചുങ്കപ്പാറ വരെ സ്ഥാപിച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന ആസ്ബറ്റോസ് വിതരണക്കുഴൽ പ്രഷറിൽ വെള്ളം തുറന്നു വിടുന്പോൾ പൊട്ടി നശിക്കുന്നതുമൂലമാണ് മലയോര മേഖലയിലെ നൂറുകണക്കിന് കുടുബങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിനു കാരണം.
സ്വന്തമായി കിണർ ഇല്ലാത്തവരും ടാങ്കർ വാഹനങ്ങൾ എത്താത്തതുമായ ഈ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന സ്ഥിതി. ജലഅഥോറിറ്റി, പൊതുമരാമത്ത് വകുപ്പുകൾ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ഗ്രാമസഭാ യോഗങ്ങളും ആവശ്യപ്പെട്ടിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മല്ലപ്പള്ളിയിലുള്ള ജലഅഥോറിറ്റി, പൊതുമരാമത്ത് ഓഫീസുകൾ ഉപരോധിക്കുന്നതിന് ചുങ്കപ്പാറയിൽ ചേർന്ന യുഡിഎഫ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
യുഡഎഫ് കണ്‍വീനർ ഒ എൻ. സോമശേഖരപ്പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി ജി. സതീശ് ബാബു ഉദ്ഘാടനം ചെയ്തു. ജോസി ഇലഞ്ഞിപ്പുറം, സാബു മരുതേൻകുന്നേൽ, സക്കീർ ഹുസൈൻ എം.കെ.എം. ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.