പത്തനംതിട്ട: നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു തട്ടിപ്പുസംഘം. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഉൗർജിതമല്ലെന്ന് വ്യാപാരികൾ.പട്ടാള ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുകയും പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്ന് അറിയിക്കുകയുമാണ് സംഘം ആദ്യം ചെയ്യുന്നത്. എൻസിസിയുമായി ബന്ധപ്പെട്ട ക്യാന്പിലേക്കാണ് ഭക്ഷണമെന്നും പത്തനംതിട്ട വഴി വരുന്പോൾ ശേഖരിക്കുമെന്നുമാണ് അറിയിച്ചത്.
ഇതരസംസ്ഥാനക്കാരായ ആളുകളാണ് ഫോണിൽ ബന്ധപ്പെടുകയെന്ന് ഹോട്ടൽ വ്യാപാരികൾ പറഞ്ഞു. ഭക്ഷണത്തിന്റെ വിലയായി പണം ബാങ്കിലേക്ക് ഇടുന്നതിനുവേണ്ടി അക്കൗണ്ട് നന്പറും എടിഎം കാർഡിന്റെ കോപ്പിയും ആവശ്യപ്പെടുന്ന സംഘം ഇത് വാട്ട്സാപ്പിലൂടെ ശേഖരിക്കുകയും ചെയ്തു. കട ഉടമയുടെ ഫോണിലേക്കു വന്ന ഒടിപി കൂടി ശേഖരിച്ച് അക്കൗണ്ടിലെ പണം തട്ടുകയാണ് ഇവരുടെ രീതിയെന്ന് വ്യാപാരികൾ പറഞ്ഞു.
പത്തനംതിട്ട കോളജ് റോഡിലെ പാറയിൽ ഹോട്ടലിലാണ് ആദ്യം തട്ടിപ്പ് അരങ്ങേറിയത്. പിന്നാലെ കോന്നി ഗ്രീൻചില്ലി ഹോട്ടൽ, കുന്പഴ പരുത്തിയാനിക്കൽ ഹോട്ടൽ എന്നിവിടങ്ങളിലും തട്ടിപ്പിനു ശ്രമമുണ്ടായി. സമാന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ പോലീസിൽ നൽകിയ പരാതിയിൽ യാതൊരു അന്വേഷണവും നടക്കാത്തത് തട്ടിപ്പുകാർക്ക് പ്രയോജനമാകുന്നതായി ഹോട്ടൽ ഉടമകൾ പറഞ്ഞു.
നേരത്തെ റാന്നിയിലും തിരുവല്ലയിലും സമാനസംഭവങ്ങൾ ഉണ്ടായി. തട്ടിപ്പു സംഘങ്ങൾക്കെതിരെ വ്യാപാരികൾ ജാഗ്രത കാട്ടണമെന്നും സംഘത്തെ കുടുക്കാൻ നടപടി ഉണ്ടാകണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ കെ.എം. രാജ, ശശി ഐസക്, നവാസ് തനിമ എന്നിവർ ആവശ്യപ്പെട്ടു.