പെരുമ്പാവൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരേ പെരുമ്പാവൂരിൽ ആരംഭിച്ച ജനകീയ യാത്ര കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ യാത്ര നടക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വെട്ടിമുറിക്കുന്ന ബിജെപി സർക്കാരിന്റെ തെറ്റായ നിലപാടുകൾ തിരുത്തിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പോരാട്ടമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത് എന്ന് യാത്ര ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംസ്കൃതിയെ തച്ചുതകർക്കുന്ന ഏകാധിപത്യ നിലപാടുകളാണ് രാജ്യം ഭരിക്കുന്ന മോദിയും അമിത് ഷായും നടപ്പിലാക്കുന്നത്. രാജ്യത്തെ ഭരണഘടന മൂല്യങ്ങളെല്ലാം തകർത്ത് ജനങ്ങളിൽ വർഗീയ വിഷം കുത്തിനിറച്ച് കലാപങ്ങൾ സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ഉയർന്ന പ്രതിഷേധം വലിയ തിരമാലകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എൽദോസ് കുന്നപ്പിളളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ ജാഥാ ക്യാപ്റ്റൻമാർക്ക് പതാക കൈമാറി. ഉദ്ഘാടന സമ്മേളനത്തിൽ എംഎൽഎമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, മുൻ നിയമസഭ സ്പീക്കർ പി.പി. തങ്കച്ചൻ, മുൻ മന്ത്രി ടി.എച്ച്. മുസ്തഫ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ, കേരള കോൺഗ്രസ് എം നേതാവ് ബാബു ജോസഫ്, യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, കെപിസിസി സെക്രട്ടറിമാരായ ടി.എം. സക്കീർ ഹുസൈൻ, ബി.എ അബ്ദുൽ മുത്തലിബ്, ജെയ്സൻ ജോസഫ്, മുൻ മന്ത്രി കെ.ബാബു, എൻ.വി.സി. അഹമ്മദ്, എം.യു. ഇബ്രാഹീം, എം.ഒ. ജോൺ, കെ.പി. ധനപാലൻ, എൻ. വേണുഗോപാൽ, അജയ് തറയിൽ, പി.ജെ. ജോയി, എം.എ. ചന്ദ്രശേഖരൻ, ടി.യു. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നിരവധി പ്രവർത്തകർ അണിനിരന്ന ജനകീയ യാത്രക്ക് വിവിധയിടങ്ങളിൽ അഭിവാദ്യം അർപ്പിക്കാൻ നിരവധിപേർ കാത്തുനിന്നു. പെരുമ്പാവൂർ യാത്രി നിവാസിന് സമീപം മുസലിം ലീഗ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ യാത്രക്ക് അഭിവാദ്യം അർപ്പിച്ചു. തുടർന്ന് മുടിക്കൽ സൗഹൃദ, വഞ്ചിനാട്, മഞ്ഞപ്പെട്ടി, മാറംമ്പിള്ളി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥ ആലുവയിൽ സമാപിച്ചു.