പാലക്കാട്; നടീനടന്മാരായ പൃഥ്വിരാജിനേയും പാർവതിയേയും സംവിധായകൻ കമലിനേയും വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്റെ കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകി ദിവസങ്ങളായിട്ടും സിനിമ മേഖലയിൽ നിന്ന് പ്രതികരണമുണ്ടാകാത്തത് അന്പരപ്പിക്കുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു.
ലൈംഗികചൂഷണം ഉൾപ്പെടെ ഒട്ടേറെ പീഡനം അനുഭവിക്കേണ്ടി വരുന്നുവെന്ന് അഭിനേതാക്കളായ സ്ത്രീകൾ മൊഴി നൽകിയെന്ന് കമ്മീഷൻ റിപ്പോർട്ടിലുണ്ട്. പൗരത്വ പ്രശ്നത്തിൽ തെരുവിലിറങ്ങി സമരം ചെയ്യുകയും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്ത പൃഥ്വിരാജ്, പാർവതി, കമൽ എന്നിവരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവർത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തിൽ കാണുന്നില്ലെന്ന് ശോഭ വിമർശിച്ചു.
കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെക്കുറിച്ച് സർക്കാരിനോട് ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കൽപിക്കാത്ത കാസ്റ്റിംഗ് കൗച്ചുകാരെ എന്നെന്നേക്കുമായി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവർ തയാറായിട്ടില്ല. സ്ഥിരം പ്രക്ഷോഭകാരികളായ സിനിമാക്കാരിൽ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്റെ കാരണം കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവരുന്നതോടെ വ്യക്തമാകുമെന്നും ശോഭ അഭിപ്രായപ്പെട്ടു.