സ്വന്തം ലേഖകൻ
തൃശൂർ: പൂരനഗരിയിൽ കാർഷിക പൂരം തുടങ്ങി. കാർഷികോൽപ്പന്ന സംസ്കരണവും, മൂല്യവർധനവും ലക്ഷ്യമാക്കി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തുന്ന വൈഗ 2020 കാണാൻ രാവിലെ മുതൽ തന്നെ വൻതിരക്ക്.
കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർധനവ് എന്നിവയുടെ സാധ്യത മനസ്സിലാക്കുന്നതിനും കേരളത്തിലെ കർഷകരെയും സംരഭകരെയും ശാസ്ത്രജ്ഞരെയും പൊതു സമൂഹത്തെയും ഒത്തൊരുമിപ്പിച്ചു നടത്തുന്ന വൈഗയുടെ നാലാം പതിപ്പിനാണ് തൃശൂരിൽ തുടക്കമായിരിക്കുന്നത്.
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ടു വേദികളിലായി നിരവധി വിഷയങ്ങളിൽ സെമിനാറുകളും വർക്ക്ഷോപ്പുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നണ്ട്. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന 350 അധികം പ്രദർശന സ്റ്റാളുകളും കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴുവരെയാണ് വൈഗ.
കൃഷിയുടെ പുരോഗതി ലക്ഷ്യമിട്ട് വൈവിധ്യമാർന്ന സെമിനാറുകൾ;
വൈഗയിൽ കാർഷിക പുരോഗതി ലക്ഷ്യമിട്ട് പല വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളാണ് നടക്കുക.
ഇന്ന് വേദി ഒന്നിൽ വാഴപ്പഴത്തിന്റെ ഉൽപാദനവും കയറ്റുമതിയും – സാധ്യതകൾ, എന്ന വിഷയത്തിലും വേദി രണ്ടിൽ സുസ്ഥിര കൃഷിയും മൂല്യ വർധനവും, സംസ്കരണം, കയറ്റുമതി, വിപണന ശൃംഖല – നയപരമായ ഇടപെടലുകൾ എന്നീ വിഷയങ്ങളിലും സെമിനാറുകൾ നടക്കും.
നാളെ വേദി ഒന്നിൽ ചെറുധാന്യങ്ങൾ പോഷകാഹാരത്തിനും വരുമാനത്തിനും, ഫ്ളോറികൾച്ചർ ആൻഡ് ലാൻഡ് സ്കേപ്പിംഗ് – വാണിജ്യപരമായ സാധ്യതകൾ, വേദി രണ്ടിൽ ചക്കയുടെ മൂല്യവർധനവ്, മൂല്യവർധനവ് തേനിൽ, നാളികേരത്തിന്റെ മൂല്യവർധനവ്, ഗതാഗതം, പാക്കേജിങ്, ലൈസൻസിങ് – സാങ്കേതിക സഹായവും സേവനങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.
ആറിന് വേദി ഒന്നിൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം – നാഷണൽ ആൻഡ് സ്റ്റേറ്റ് ലെവൽ, കാർഷിക മേഖലയിൽ യുവാക്കൾക്കായി നൂതന പദ്ധതികൾ, സ്റ്റാർട്ടപ് – അനുഭവം പങ്കിടൽ വേദി രണ്ടിൽ പൈൻ ആപ്പിൾ – മൂല്യ വർദ്ധനവ്, കാർഷികോൽപ്പന്നങ്ങളുടെ ഭൗമ സൂചിക പദവി – ചങ്ങാലിക്കോടൻ വാഴപ്പഴം, മറയൂർ ശർക്കര, കാപ്പിയുടെ മൂല്യ വർധനവ്, മൂല്യ വർധനവ് സുഗന്ധ വിളകളിൽ – കുരുമുളക്, ഏലം എന്നീ സെമിനാറുകളും നടക്കും.
സമാപന ദിവസമയ ഏഴിന് വേദി ഒന്നിൽ ആരോഗ്യകേരളം – പച്ചക്കറി ഉൽപ്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്, വേദി രണ്ടിൽ കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ കന്പനികളുടെ വികസനവും സുസ്ഥിരതയും, സുസ്ഥിര വരുമാനത്തിന് ഇളനീർ – സാധ്യതകൾ എന്നീ വിഷയങ്ങളിൽ ഓപ്പണ് ഫോറം ചർച്ചയും നടക്കും.