പുതുക്കാട്: ദേശീയപാത സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്ന് കെഎസ്ആർടിസി ബസിന്റെ ചക്രം ഗർത്തത്തിൽ കുടുങ്ങി. പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ചാലക്കുടി ഭാഗത്തേയ്ക്ക് പോയിരുന്ന കെഎസ്ആർടിസി ബസിന്റെ ഇടത് വശത്തെ മുൻചക്രം ഗർത്തത്തിൽ വീഴുകയായിരുന്നു. ആഴമേറിയ ഗർത്തത്തിൽ ചക്രത്തിന്റെ പകുതിയോളം അകപ്പെട്ടു. നാല് അടിയോളം വൃത്തത്തിലും അഞ്ച് അടിയലേറെ താഴ്ചയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
പുതുക്കാട് കുടിവെള്ള പദ്ധതിക്കുവേണ്ടി ദേശീയപാതയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കാൻ തുരങ്കം നിർമിച്ചതാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണം. പ്രതലത്തിൽ നിന്നും നാല് മീറ്ററിലേറെ താഴ്ചയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ പ്രവേശന ഭാഗത്തായാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഇന്ന് തന്നെ പൈപ്പ് സ്ഥാപിക്കുന്നതിനോടൊപ്പം സർവീസ് റോഡ് ഇടിഞ്ഞ ഭാഗം പൂർവസ്ഥിതിയിലാക്കുമെന്നും വാട്ടർ അഥോറിറ്റി അധികൃതർ ഉറപ്പുനൽകി.