മലയാള സിനിമയുടെ നായികാ വസന്തങ്ങളിൽ പോയ വർഷം പ്രേക്ഷക മനസ് കീഴടക്കിയ നായകമാർ ഒരുപിടിയുണ്ട്. പുതുമുഖങ്ങളും സീനിയേഴ്സും ഒരുപോലെ ഇടം പിടിച്ച പട്ടികയിൽ ഇക്കുറി പുതിയ പ്രതിഭകളാണ് ആദ്യസ്ഥാനങ്ങൾ നേടിയിരിക്കുന്നത്. 2019-ന്റെ നായികമാരായി വിശേഷിപ്പിക്കാവുന്നത് അഹാന കൃഷ്ണയേയും അന്നാ ബെന്നിനേയുമാണ്.
ടോവിനോ നായകനായി എത്തിയ ലൂക്കായിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ കാന്പുള്ള കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാൻ കഴിവുറ്റ പ്രതിഭയാണു താനെന്നു അഹാന തെളിയിച്ചു കഴിഞ്ഞു. പലപ്പോഴും നായകനേക്കാളും കയ്യടി നേടാനും അഹാനയ്ക്കു സാധിച്ചിട്ടുണ്ട്.
കുന്പളങ്ങി നൈറ്റ്സിലൂടെ നായികയായി തുടക്കം കുറിച്ച അന്നാ ബെൻ ഹെലനിലൂടെ വിജയം വീണ്ടും ആവർത്തിച്ചു. കുന്പളങ്ങിയിൽ നാട്ടിൻ പുറത്തുകാരിപെണ്കുട്ടിയായി ഇഷ്ടം നേടിയ അന്നാ സർവൈവൽ ത്രില്ലറായി എത്തിയ ഹെലനിലൂടെ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുകയായിരുന്നു.
മൈൻഡ് ബ്ലോവിങ് പ്രകടനവുമായാണ് പാർവതി തിരുവോത്ത് എത്തിയത്. ആസിഡ് അക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതവും അതിജീവനവുമൊക്കെ ഉയരേ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ പ്രതിഷ്ടിക്കാൻ പാർവതിക്കു കഴിഞ്ഞു. പിന്നാലെ വന്ന വൈറസിലെ ഡോക്ടർ കഥാപാത്രവും പാർവതിയാലാണ് ജിവൻ തുടിച്ചു നിൽക്കുന്നത്.
ഏറെ നാളിനു ശേഷം തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര മലയാളത്തിലേക്കു എത്തിയപ്പോൾ പ്രേക്ഷക ഇഷ്ടം കൂടുതൽ നേടാൻ സാധിച്ചിട്ടുണ്ട്. ലൗവ് ആക്ഷൻ ഡ്രാമയിലെ ശോഭയായി ചിത്രത്തിന്റെ വിജയഘടകമായി മാറാൻ നയൻസിനു സാധിച്ചു.
ലൂസിഫറിലെ ശക്തമായ കഥാപാത്രത്തിനു ശേഷം മഞ്ജു വാര്യർ തമിഴികത്തേക്കു തുടക്കം കുറിച്ചപ്പോഴും വിജയം ആവർത്തിക്കാൻ സാധിച്ചു. ധനുഷിനു നായികയായി അസുരനിലൂടെ തിളങ്ങിയ മഞ്ജു വാര്യർ ക്രിസ്മസ് റിലീസ് പ്രതി പൂവൻ കോഴിയിലൂടെ സോളോ ഹിറ്റും നേടിക്കഴിഞ്ഞിരുന്നു.
മാനസിക വൈകല്യമുള്ള കഥാപാത്രമായെത്തി കളരി അഭ്യാസത്തിലൂടെ വിസ്മയിപ്പിച്ച് മികച്ച നടിയാണു താനെന്നു തെളിയിക്കുകയായിരുന്നു അതിരനിലൂടെ സായി പല്ലവിയും. മുന്‍പ് കണ്ട എല്ലാ കഥാപാത്രങ്ങളിൽ നിന്നും പൂർണമായും മാറിയുള്ള പകർന്നാട്ടമായിരുന്നു സായിയിൽ നിന്നും ഇക്കുറി കണ്ടത്.
ഏറെ ചലച്ചിത്ര മേളകളിൽ പ്രശംസയേറ്റുവാങ്ങിയ ചോലയ്ക്കു പിന്നാലെ സ്റ്റാൻഡ് അപ് കെമേഡിയന്റെ വേഷത്തിൽ എത്തി നിമിഷയും മുൻപന്തിയിൽ ഇടം നേടുന്നുണ്ട്. സ്റ്റാൻഡ് അപ്പ്, ഫൈനൽസ്, ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെയാണ് രജീഷ തിളങ്ങുന്നത്. കഥാപാത്രത്തിന്റെ മാനറിസങ്ങളെ തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ കഴിയുന്നതാണ് രജീഷയുടെ വിജയം.
വിജയ് സൂപ്പറും പൗർണമിയും സമ്മാനിച്ച മികച്ച തുടക്കത്തോടെയാണ് ഐശ്വര്യ ലക്ഷ്മി 2019-ലെത്തിയത്. പിന്നീട് തമിഴിൽ തുടക്കം കുറിച്ച് ആക്ഷനിലൂടെ വിശാലിന്റെ നായകയായി ശ്രദ്ധ നേടാനും ഐശ്വര്യയ്ക്കു കഴിഞ്ഞു.
മധുരാജയിൽ തന്റേടിയായ കഥാപാത്രമായെത്തിയ അനുശ്രീയാണ് പട്ടികയിലെ അവാസാന നായിക. ക്രിസ്മസ് റിലീസായ മാ സാന്റായും പ്രതി പൂവൻ കോഴിയുമടക്കം ഒരുപിടി ചിത്രങ്ങളിലൂടെ മുൻ നിരയിൽ സജീവമാകാൻ അനുശ്രീക്കു കഴിഞ്ഞിട്ടുണ്ട്.