ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ കൊച്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥർ. ഓസ്ട്രേലിയയിലെ കാൻബറയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കാണ്.
കുഞ്ഞിനെ കൈയിൽ വാങ്ങിയ സർജന്റ് ജാസണ്‍ ലീ കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകി. ഉടൻ തന്നെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്ക് പോകുകയും കുട്ടി ശ്വസിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ അവർ മാതാപിതാക്കൾക്ക് തിരികെ നൽകുകയും ചെയ്തു.
കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് പറഞ്ഞ് നൽകിയതിന് ശേഷമാണ് അവർ കുട്ടിയേയും മാതാപിതാക്കളെയും മടക്കി അയച്ചത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.