ഡാളസ്: പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കൂളറിൽനിന്നും കണ്ടെടുത്ത കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റർ റോഡിലുള്ള മോട്ടലിൽ ആണ് സംഭവം. മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കൂളറിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
സംഭവത്തിൽ മാതാപിതാക്കളായ അർട്ടൂറോ എസ്. പിനോസൊ (37), ഫെലിസ വാസ്ക്വസ് (32) എന്നിവർക്കെതിരെ കേസെടുത്ത് ഡാളസ് കൗണ്ടി ജയിലിലടച്ചു. മൃതദേഹം ഒളിപ്പിച്ചുവയ്ക്കൽ, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്.
പിതാവിന് 17,555 ഡോളറിന്റെ ജാമ്യവും മാതാവിന് 5000 ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്. അനധികൃതമായി വാഹനം ഉപയോഗിച്ച കേസിൽ പിതാവിനെ ഇതിനകം തന്നെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു.
കുട്ടിയുടെ മരണത്തിനുശേഷം വിവരം അധികൃതരെ അറിയിച്ചില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
ചൈൽഡ് അബ്യൂസ് ഡിറ്റക്ടീവ് അധികൃതർ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു. സംഭവത്തെകുറിച്ചോ, വ്യക്തികളെകുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡാളസ് പോലീസ് ഡിറ്റക് ടീവ് കോറി ഫോർമാനുമായി 214 275 1300 എന്ന നന്പരിൽ ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ