തൊടുപുഴ : ഉപ്പുകുന്നിലെ കള്ളിക്കൽ ഉൗരിലെത്തുന്ന അതിഥികൾക്ക് വിസ്മയമാവുകയാണ് ഇവിടുത്തെ വീടുകളിലെ മുള കൊണ്ടുള്ള ഗൃഹോപകരണങ്ങൾ. വീട്ടിലെത്തുന്നവർക്ക് ചായയും കാപ്പിയും കുടിവെള്ളവുമൊക്കെ നൽകാനുപയോഗിക്കുന്നത് മുളം കപ്പുകളിലാണ്. മുള കൊണ്ടുള്ള നാടൻ വീട്ടുപകരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഓരോ വീട്ടിലും.
അടുക്കളയിലെ ട്രേകളും നാഴിയും ഇടങ്ങഴിയും കിച്ചൻ സ്റ്റാന്റും തവിയും പപ്പടം കുത്തിയും കൈ തൊടാതെ പലഹാരങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ള മറിക്കയും എല്ലാം മുള കൊണ്ട് നിർമിച്ചവ. കൂടാതെ ഈറ്റ മുറം, വട്ടി, കൊട്ട അങ്ങനെ പട്ടിക നീളുന്നു. ഉൗരിൽ ആകെയുള്ള 70 കുടുംബങ്ങളിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് മുള, ഈറ്റ ഉത്പ്പന്നങ്ങളാണ്. മുളം കപ്പ് ഒരു വർഷം വരെ ഈടുനിൽക്കും. ഉപയോഗ ശൂന്യമായാൽ കത്തിച്ചു കളയാം.
പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഹരിതകേരളം നടത്തിയ അന്വേഷണത്തിലാണ് ഉപ്പുകുന്നിലെ ഈ ഹരിതസംരംഭത്തെ പുറംലോകത്തെത്തിക്കുന്നത്. മുളഗ്രാമമെന്ന ഈ കുടുംബശ്രീ യൂണിറ്റിന്റെ ഉത്പന്നങ്ങൾ ഹരിതകേരളത്തിൽ ലഭ്യമാണ്. 140 ഇനങ്ങളാണ് വിൽപ്പനയ്ക്ക് എത്തിച്ചത്. മാസങ്ങൾക്ക് മുന്പ് കിർത്താഡ്സ് നൽകിയ പരിശീലനമാണ് മുളഗ്രാമത്തിന്റെ പിറവിയ്ക്ക് കാരണമായത്.
ഉൗരിൽ വാടകകെട്ടിടത്തിലാണ് മുളഗ്രാമം പ്രവർത്തിക്കുന്നത്. മുള സൗജന്യമായി കിട്ടുമെന്നതാണ് ഇവരുടെ ഏക ആശ്വാസം. മുള വെട്ടി നാല് ദിവസം വെറുതെ ഇട്ട ശേഷം പിന്നീട് തലച്ചുമടായെത്തിച്ച് മുറിച്ച് വെള്ളത്തിൽ പുഴുങ്ങി അഞ്ച് ദിവസം വയ്ക്കണം. അതിനു ശേഷം പൂർണമായി ഉണക്കിയെടുത്താണ് ഉത്പന്നങ്ങൾ നിർമിക്കുന്നത്. ഒരു കപ്പുണ്ടാക്കണമെങ്കിൽ 28 ദിവസം വേണ്ടി വരുമെന്ന് യൂണിറ്റ് സെക്രട്ടറി പി.വി.സുനിൽ പറയുന്നു. 19 വനിതകൾ ഉൾപ്പെടെ 22 പേരാണ് യൂണിറ്റിൽ ഉത്പന്നങ്ങൾ നിർമിക്കുന്നത്.