മറയൂർ: മഴയ്ക്കുശേഷം തെളിഞ്ഞ മറയൂർ മലനിരകളെ നാരക സുഗന്ധത്തിലാഴ്ത്തി മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. മേഖലയിൽ പതിനായിരത്തോളം മരങ്ങളിലാണ് ഇത്തവണ മധുരം നിറഞ്ഞ ഓറഞ്ച് പഴങ്ങൾ പാകമായിരിക്കുന്നത്.
സഹ്യപർവതത്തിന്റെ കിഴക്കൻ ചരിവായ മറയൂർ മലനിരകളിലെ കെഡിഎച്ച്പി കന്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോവർ എന്നിവടങ്ങളിലും തലയാർ, ചട്ടാമൂന്നാർ, ഭാഗങ്ങളിലും കാന്തല്ലൂർ, ഗുഹനാഥപുരം, തലചോർ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് നിറകാഴ്ചയായി വസന്തം ഒരുക്കിയിരിക്കുന്നത്.
സമുദ്ര സമാനമായി നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹരിതാഭമായ തേയില തോട്ടങ്ങൾക്ക് അലങ്കാരമായും കാന്തല്ലൂരിലെ ഓറഞ്ച് ചെടികൾ മാത്രമുള്ള തോട്ടങ്ങളിലും പാകമായ മധുരനാരങ്ങകൾ മറയൂർ മലനിരകളിലെ കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിറക്കാഴ്ചയാണ്.
ഡിസംബർ അവസാനം മുതൽ ഫെബ്രുവരി ആദ്യ ആഴ്ച്ചചകൾ വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പുകാലം. മറയൂർ, മൂന്നാർ, കാന്തല്ലൂർ എന്നിവടങ്ങളിലെ ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയും ഈ മാസങ്ങളിലാണ് എന്നതും വിനോദസഞ്ചാര മേഖലയ്ക്കും ഓറഞ്ച് തോട്ടം ഉടമകൾക്കും ഗുണകരമാണ്.
ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണകാലം മുതൽ മലനിരകളിൽ ഓറഞ്ച് കൃഷി നടന്നിരുന്നെങ്കിലും എട്ടുവർഷം മുൻപാണ് വ്യാവസായികവും വിനോദ സഞ്ചാര മേഖലയ്ക്കും പ്രയോജനകരമായ രീതിയിൽ വിപുലമാക്കിയത്. തുടർന്ന് കേരളത്തിൽ ഏറ്റവുമധികം മധുരനാരകം വിളയുന്ന മേഖല എന്ന ഖ്യാതിയിലേക്ക് മറയൂർ മലനിരകൾ എത്തുകയാണ്. അധികം രോഗബാധയേൽക്കാത്ത ലാഭകരമായ കൃഷി എന്നതിനാൽ നിരവധിപേർ ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.
സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു വീട് ഒരു ഫലവൃക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നാഗ്പൂർ തൈകൾ കൃഷിവകുപ്പ് വിതരണം നടത്തിയതോടെയാണ് ഓറഞ്ച് കൃഷി കൂടുതൽ വ്യാപകമായത്. അതിനുമുൻപ് നാടൻ തൈകളായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ഒരു കിലോഗ്രാം ഓറഞ്ചിന് 50 രൂപ മുതൽ 60 രൂപയ്ക്കാണ് കർഷകർ ഫാം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് നല്കിവരുന്നത്. ജാഫ് ലിൽ, സാത് ഗുഡി, നാഗ്പൂർ ഇനത്തിൽപെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടിൽ കൃഷി ചെയതുവരുന്നത്.