കോട്ടയം: പെട്രോൾ വില ഇന്നലെ ലിറ്ററിന് 77.77 രൂപ. ഡീസൽ ലിറ്ററിന് 72.51 രൂപ. രണ്ടാഴ്ചയായി ദിവസവും വർധിക്കുന്ന ഇന്ധനവില സ്വകാര്യവാഹനങ്ങളിലെ യാത്രക്കാരുടെ ബജറ്റ് തകർക്കുകയാണ്. മാസങ്ങൾക്കുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപയോളം ഉയർന്നു.
ആഗോള മാർക്കറ്റിലെ വർധനയുടെ ചുവടുപിടിച്ച് വരുംവാരവും നിരക്കു കൂടുമെന്നാണ് സൂചന. പതിവ് യാത്രക്കാരായ നിശ്ചിത വരുമാനക്കാരാണ് നിരക്ക് വർധനയിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത്.
കവലകളിലും നഗരങ്ങളിലും ഗതാഗതക്കുരുക്ക് വർധിച്ചതോടെ വാഹനങ്ങളുടെ ഇന്ധനച്ചെലവ് കൂടുകയാണ്. ഡീസൽ നിരക്ക് കൂടിവരുന്നതിനാൽ ടാക്സിക്കൂലി വർധിക്കുന്നത് സമസ്ത മേഖലകളെയും സാരമായി ബാധിക്കുന്നു. പാചകവാതകത്തിനും ഭക്ഷ്യവസ്തുക്കൾക്കുമുണ്ടായ വിലക്കയറ്റം ഹോട്ടൽ നിരക്കുകളും വർധിപ്പിച്ചു.