എരുമേലി: ചെറിയ സാമ്പിൾ പ്ലാസ്റ്റിക് നിർമിത കവറുകളിൽ വിറ്റഴിക്കുന്ന ഷാമ്പു, എണ്ണ, സോപ്പ്, സോപ്പ് പൊടി എന്നിവയ്ക്ക് പകരം പേപ്പർ നിർമിത കവറുകൾ പ്രാബല്യത്തിലാക്കിയാൽ എരുമേലിയിലെ വലിയ തോടിനെയും മണിമല, പമ്പ ആറുകളെയും വലിയൊരളവിൽ രക്ഷിക്കാനാകുമെന്ന് നിർദേശം.
പേട്ടതുള്ളലിന് ദേഹത്ത് വാരിത്തേച്ച വർണപ്പൊടികൾ കഴുകിക്കളയാൻ അയ്യപ്പഭക്തർ ആശ്രയിക്കുന്നത് ഷാമ്പു, എണ്ണ, സോപ്പ്, സോപ്പ് പൊടി എന്നിവ അടങ്ങിയ ചെറിയ പായ്ക്കറ്റുകളെയാണ്. ഷാമ്പുവും എണ്ണയും സോപ്പുമൊക്കെ എടുത്ത ശേഷം കവറുകൾ ഉപേക്ഷിക്കുന്നത് കുളിക്കടവുകളിലാണ്. ദിവസവും പതിനായിരത്തിലേറെ പേർ കുളിക്കുന്ന എരുമേലി ക്ഷേത്ര കടവിൽ ഇങ്ങനെ ദിവസവും ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ലക്ഷകണക്കിന് പ്ലാസ്റ്റിക് കൂമ്പാരം.
ഒരു ശബരിമല സീസണിൽ കോടികളോളം ഭക്തർ കടന്നുപോകുന്ന എരുമേലിയിൽ ഇങ്ങനെ കുമിയുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം എന്തുമാത്രമുണ്ടാകുമെന്ന് ഊഹിച്ചാൽ അമ്പരക്കേണ്ടിവരും. ഇവയിൽ മിക്കതും തോട്ടിലേക്ക് തന്നെയാണ് പതിക്കുന്നത്. നാമാവശേഷമാകാത്ത ഇത്തരം പ്ലാസ്റ്റിക് കവറുകൾ ലക്ഷങ്ങളോളമാണ് എരുമേലി വലിയ തോട്ടിലും മണിമലയാറിലും ഓരോ സീസണിലും എത്തിക്കൊണ്ടിരിക്കുന്നത്.
വലിയ തോട് ചെന്നുചേരുന്നത് ഒട്ടേറെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന മണിമലയാറിലാണ്. കുടിവെള്ളം മാത്രമല്ല മത്സ്യങ്ങൾക്കും ജലജീവികൾക്കും മണ്ണിനും പരിസരങ്ങളിലെ കുടിവെള്ള സ്രോതസുകൾക്കും ഇവ വിനാശകരമായി മാറും. വലിയ തോട്ടിൽ ക്ഷേത്ര കുളിക്കടവിലും മണിമലയാറിലെ വിവിധ കടവുകളിലും ദിവസവും വൻ തോതിൽ പ്ലാസ്റ്റിക് കവറുകൾ കുമിഞ്ഞുകൊണ്ടിരിക്കുകയാണ്.
മണിമലയാറിലെ ഓരുങ്കൽകടവിലും കൊരട്ടിയിലും ദിവസവും നൂറുകണക്കിന് ഭക്തരാണ് കുളിക്കാനെത്തുന്നത്. കണമലയിൽ പമ്പയാറിലെ കടവുകളിലും സമാന സ്ഥിതിയാണ്. പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കപ്പെടാതിരിക്കാൻ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കടവിന്റെ പരിസരങ്ങളിലാണ് മിക്കവരും വലിച്ചെറിയുന്നത്.
സദാസമയവും തിരക്ക് നിറയുന്ന കുളിക്കടവിൽ ഇവ വാരിപ്പെറുക്കിമാറ്റാൻ കഴിയാറില്ല. മണ്ണിലും വെള്ളത്തിലും ലയിച്ച് നാമാവശേഷമാകുന്ന പേപ്പർ നിർമിത കവറുകളിൽ എണ്ണയും ഷാമ്പുവും ലഭ്യമാക്കുകയും പ്ലാസ്റ്റിക് കവർ നിരോധിക്കുകയും ചെയ്താൽ അപകടകരമായ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. അടുത്ത ശബരിമല സീസണിന് മുമ്പെ ഇത് സംബന്ധിച്ച് ഉത്തരവുണ്ടായാൽ പുഴകളും നദികളും പ്ലാസ്റ്റിക് കവറുകളടിഞ്ഞ് നശിക്കുന്നതിൽ നിന്ന് രക്ഷിക്കാനാകും.