കുളത്തൂപ്പുഴ: സര്‍വമത സാഹോദര്യം അടയാളപ്പെടുത്തുന്ന തെക്കന്‍ കേരളത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കുളത്തൂപ്പുഴ ചന്ദനക്കാവ് നേര്ച്ചപ്പള്ളിയുടെ പരിപാലകയായിരുന്ന പള്ളീലുമ്മാമ എന്നറിയപ്പെട്ടിരുന്ന ആയിഷാബീവി ഓര്മ്മയായപ്പോള് കുളത്തൂപ്പുഴയുടെ ആദ്യകാല ചരിത്രമറിയുന്ന വ്യക്തിത്വങ്ങളിലൊരാളെയാണ് നഷ്ടമായത് .
കഴിഞ്ഞ ദിവസം തൊണ്ണൂറ്റാറാം വയസില്‍ നിര്യാതയായ ആയിഷാ ബീവിഒരു കാലഘട്ടത്തിന്റെ നേര് സാക്ഷ്യമായി വളരെ കാലത്തോളം കുളത്തൂപ്പുഴക്കാര്ക്ക് സാഹോദര്യത്തിന്റെ പര്യായമായിരുന്നു. തന്റെ മൂന്ന് തലമുറകള്‍ക്ക് മുമ്പ് സ്ഥാപിതമായ ചന്ദനക്കാവ് പള്ളിയുടെ സാരഥ്യം പാരമ്പര്യമായി ഏറ്റെടുത്ത പള്ളൂലുമ്മ പതിറ്റാണ്ടുകള്‍ പള്ളിയിലെത്തുന്ന നാനാജാതി മതസ്ഥര്‍ക്ക് നന്മയുടെ വെളിച്ചമായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി രോഗശയ്യയിലായിരുന്ന ആയിഷാബീവി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. നാലു തലമുറകളിലായി 91 പേരടങ്ങുന്ന ചന്ദനക്കാവ് പള്ളിക്കുടുംബത്തിലെ മുത്തശിയാണ് ഇതോടെ ഓര്‍മ്മയായത്.