കോഴിക്കോട്: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ വിപണി കീഴടക്കി ഹെല്‍മറ്റ് വ്യാജന്മാര് . കമ്പനി ഹെല്‍മറ്റുകളുടെ മാതൃകയില്‍ ഐഎസ്ഐ സ്റ്റിക്കര്‍ പതിച്ചാണ് വമ്പിച്ച വിലക്കുറവുമായി വ്യാജ ഹെല്‍മറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത്.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വ്യാജന്മാര് കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ബ്രാന്‍ഡഡ് പേരുകളില്‍ വരെ വ്യാജ ഹെല്‍മറ്റുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടത്.കടകളിലും റോഡരികിലും വരെ വ്യാജ ഹെല്‍മറ്റുകള്‍ വില്പന നടത്തുന്നുണ്ട്. 150 രൂപമുതല്‍ ഹെല്‍മറ്റുകള്‍ ലഭിക്കും. കമ്പനി ഹെല്‍മറ്റുകള്‍ക്ക് 1000 രൂപമുതലാണ് വില.
വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമായി ഇരുചക്രവാഹന യാത്രക്കാര്‍ ഇത് വാങ്ങി ഉപയോഗിക്കുകയാണ്. യാതൊരു ഗുണനിലവാരവും ഈ ഹെല്മറ്റുകള്ക്കില്ല. ബൈക്ക് അപകടത്തില്‍പെട്ടാല്‍ യാത്രക്കാരെ സുരക്ഷിതരാക്കാനാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വ്യാജ ഹെല്‍മറ്റ് ധരിച്ചാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. വാഹനപരിശോധനക്കിടെ ലഭിച്ച വ്യാജ ഹെല്‍മറ്റ് എളുപ്പത്തില്‍ പൊട്ടുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ വിലക്കുറവ് മോഹിച്ചാണ് വ്യാജന്മാരെ സ്വന്തമാക്കുന്നത്.അതേസമയം ഇത്തരത്തില്‍ വില്പന നടത്തുന്നവരേയോ ഉപയോഗിക്കുന്നവരേയോ പിടികൂടി നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് അധികാരമില്ല. ഇക്കാര്യത്തില്‍ പോലീസാണ് നിയമനടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ വ്യാജ ഹെല്‍മറ്റ് വില്പനയും ഉപയോഗവും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കരുതെന്ന് വ്യാപാരികള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.