പഴയന്നൂർ: ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. ചിറയ്ക്കൽ ശബരീനാഥ് എന്ന ആനയാണ് നടത്തിക്കൊണ്ടുപോകുന്നതിനിടെ പഴയന്നൂർ വെള്ളാർകുളം അയ്യപ്പക്ഷേത്രത്തിനടുത്തുവച്ച് ഇടഞ്ഞോടിയത്.
ഇന്നലെ രാവിലെ 7.45ഓടെയാണ് സംഭവം. ആനയെ കൊണ്ടുപോകുന്നതിനിടെ ഒരാൾ പഴം നൽകാൻ ശ്രമിച്ചപ്പോൾ പാപ്പാൻ വേണ്ടെന്നുപറഞ്ഞതിനെതുടർന്നാണ് ആന ഇടഞ്ഞോടിയതെന്നു പറയുന്നു. ജനവാസ മേഖലയിലൂടെ ഓടിയ ആനയെ പിന്നീട് കോഴിക്കാട് പൂനം ഭാഗത്തു കൊടവംപാടത്തു പ്രകാശന്റെ റബർ തോട്ടത്തിൽവച്ച് തളച്ചു.
ആനയെ കയറ്റിക്കൊണ്ടുവന്നിരുന്ന വാഹനം കായാന്പൂവം ഭാഗത്തുവച്ച് കേടായതിനെതുടർന്നാണ് ആനയെ തിരുവില്വാമല ആക്കപ്പറന്പ് ഭാഗത്തേക്ക് ഉത്സവത്തിനായി നടത്തിക്കൊണ്ടുപോയിരുന്നത്. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ വിനു രാഹുലിനെ വലിച്ചു താഴെയിട്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനപാലകരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.