വെല്ലിംഗ്ടണ്‍: ഒരു ഓവറിൽ ആറ് സിക്സർ പറത്തുന്ന ബാറ്റ്സ്മാന്മാരുടെ ഗണത്തിലേക്ക് ന്യൂസിലൻഡിന്റെ ലിയോ കാർട്ടറും. ലോകത്തിൽ ഒരു ഓവറിൽ ആറ് സിക്സർ നേടുന്ന ഏഴാമത് താരമെന്ന നേട്ടത്തിലും കാർട്ടർ എത്തി.
ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹേർഷൽ ഗിബ്സ്, യുവരാജ് സിംഗ്, റോസ് വൈറ്റ്ലി, ഹസ്റത്തുള്ള സാസി എന്നിവരാണ് ആഭ്യന്തര-രാജ്യാന്തര പോരാട്ടങ്ങളിൽ ഓവറിൽ ആറ് സിക്സർ മുന്‍പ് നേടിയത്. ട്വന്റി-20യിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് താരമാണ് കാർട്ടർ. യുവരാജ് (2007), വൈറ്റ്ലി (2017), സാസി (2018) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
ന്യൂസിലൻഡിലെ ആഭ്യന്തര ട്വന്റി-20 പോരാട്ടമായ സൂപ്പർ സ്മാഷിൽ കാന്റർബറി കിംഗ്സിനുവേണ്ടി നോർത്തേണ്‍ നൈറ്റ്സിനെതിരേയായിരുന്നു കാർട്ടറിന്റെ ആറ് സിക്സർ പ്രകടനം. 29 പന്തിൽ 70 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന കാർട്ടറിന്റെ മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റണ്‍സ് മറികടന്ന് കാന്റർബറി ജയം സ്വന്തമാക്കി.