മൂഡബിദ്രി (മംഗളൂരു): അന്തർസർവകലാശാല അത്ലറ്റിക്ക് മീറ്റിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് റിലേയിൽ കേരളത്തിന്റെ ആധിപത്യം. 4×400 മീറ്റർ മിക്സഡ് റിലേയിൽ 3.24.65 സെക്കൻഡിലാണ് കാലിക്കട്ട് സ്വർണം നേടിയത്. 3.27.94 സെക്കൻഡിലായിരുന്നു എംജി സർവകലാശാലയുടെ വെള്ളി നേട്ടം.
കാലിക്കട്ടിനായി ആദ്യ ലാപ്പിൽ എം.നവനീതും പിന്നാലെ അബിത മേരി മാനുവലും മൂന്നാം ലാപ്പിൽ ജിസ്ന മാത്യുവും ആങ്കർ ലാപ്പിൽ മുഹമ്മദ് ബാദുഷയും ബാറ്റണേന്തി. എംജിക്കായി അനന്തു വിജയനും കെ.ടി. എമിലിയും അനില വേണുവും സി.ആർ. അനിരുദ്ധും. ആദ്യ ലാപ്പിൽ നേരിയ വ്യത്യാസത്തിൽ കാലിക്കട്ടും എംജിയും ബാറ്റണ് കൈമാറി.
രണ്ടാം ലാപ്പിൽ അബിതയിലൂടെ മേധാവിത്വം നേടിയ കാലിക്കട്ടിന് മൂന്നാം ലാപ്പിൽ ഒളിംപ്യൻ ജിസ്നയിലൂടെ 30 മീറ്ററിന്റെ വ്യത്യാസത്തിലാണ് ആങ്കർ ലാപ്പിലോടിയ മുഹമ്മദ് ബാദുഷയ്ക്ക് ബാറ്റണ് കൈമാറിയത്. ജിസ്ന നൽകിയ മുൻതൂക്കവുമായി കുതിച്ചു പാഞ്ഞ മുഹമ്മദ് ബാദുഷ ആയാസമില്ലാതെ ഫിനിഷിംഗ് നടത്തി. 3.28.18 സെക്കൻഡിൽ ഫിനിഷ് ചെയ്ത പഞ്ചാബ് വാഴ്സിറ്റിക്കാണ് വെങ്കലം.
ആറ് മെഡൽ
ഇന്നലെ രണ്ട് സ്വർണമടക്കം ആറു മെഡലുകളാണ് കേരളം നേടിയത്. മിക്സഡ് റിലേയിലും ഡെക്കാത്തലണിലും കാലിക്കട്ട് സ്വർണം നേടി. ഡെക്കാത്തലണിൽ കാലിക്കട്ടിന്റെ കെ.പി. സൽമാൻ ഹാരീസിനാണ് സ്വർണം ലഭിച്ചത്. മികസഡ് റിലേയിൽ വെള്ളി നേടിയ എംജി സർവകലാശാല 110 മീറ്റർ പുരുഷ വിഭാഗം ഹർഡിസിൽ റൊണാൾഡ് ബാബുവിലൂടെയും ഹെപ്റ്റാത്തലണിൽ മരിയാ തോമസിലൂടെയും വെങ്കലം നേടി. കേരള സർവകലാശാലയ്ക്കുവേണ്ടി 100 മീറ്റർ വനിതാ വിഭാഗം ഹർഡിൽസിൽ അപർണ റോയിയും വെങ്കലം നേടി.
ഇന്ന് 14 ഇനങ്ങളിൽ നടക്കുന്ന ഫൈനൽ മത്സരത്തോടെ അന്തർ സർവകലാശാല അത്ലറ്റിക്ക് മീറ്റിന് തിരശീല വീഴും. 127 പോയിന്റോടെ മംഗളൂരു സർവകലാശാലയാണ് ഒന്നാം സ്ഥാനത്ത്. മദ്രാസ് സർവകലാശാല 70 പോയിന്റോടെ രണ്ടാം സ്ഥാനത്തും 47 പോയിന്റോടെ എംജി മൂന്നാമതും ഉണ്ട്. കാലിക്കട്ടിനാണ് ആറാം സ്ഥാനം.
ഹർഡിൽസിൽ റിക്കാർഡ്
100 മീറ്റർ വനിതാ ഹർഡിൽസിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാരും മീറ്റ് റിക്കാർഡ് മറികടന്നു. 2018 ൽ ജാർഖണ്ഡ് യൂണിവേഴ്സിറ്റിയിലെ ബി. സ്വപ്നകുമാരിയുടെ റിക്കാർഡ് (13.72 സെക്കൻഡ്) മറികടന്ന ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയിലെ ജ്യോതി വൈയുടെ (13.37) പേരിലാണ് പുതിയ റിക്കാർഡ്. വെള്ളി നേടിയ വിനോബ ബാവെ യൂണിവേഴ്സിറ്റിയിലെ സപ്ന കുമാരിയും (13.39), വെങ്കലം നേടിയ കേരള യൂണിവേഴ്സിറ്റിയിലെ അപർണ റോയിയും (13.54) മീറ്റ് റിക്കാർഡ് മറികടന്നു.
നരേന്ദ്രജാലം വീണ്ടും
മീറ്റിൽ നാലാം ദിനത്തിലും മംഗളൂരു യൂണിവേഴ്സിറ്റി താരം നരേന്ദ്ര പ്രതാപ് സിംഗിന് മീറ്റ് റിക്കാർഡ്. ആദ്യ ദിനത്തിൽ 10000 മീറ്ററിൽ റിക്കാർഡ് കുറിച്ച താരം ഇന്നലെ പുരുഷന്മാരുടെ 5000 മീറ്ററിലും പുതിയ സമയം കുറിച്ചു . 2011 ൽ പട്യാല പഞ്ചാബി യൂണിവേഴ്സിറ്റിയിലെ എം.ആർ. സുരേഷ് കുമാർ സ്ഥാപിച്ച 14:19:39 മിനിറ്റ് സമയമാണ് നരേന്ദ്ര പ്രതാപ് മറികടന്നത്.
14:17:77 ആണ് നരേന്ദ്ര പ്രസാദ് സ്ഥാപിച്ച പുതിയ സമയം. ദീർഘ ദൂര ട്രാക്കിൽ നിരവധി രാജ്യാന്തര താരങ്ങളെ സൃഷ്ടിച്ച വിജേന്ദർ സിംഗിനു കീഴിൽ നാസിക് സായിയിലാണ് നരേന്ദ്രയുടെ പരിശീലനം. മൂഡബിദ്രി ആൽവാസ് കോളജിലെ ഡിഗ്രി രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർഥിയാണ്.
ജഗദാലെ തരംഗം
മീറ്റിന്റെ മൂന്നാം ദിനത്തിൽ വനിതാ വിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടിയ സാവിത്രിഭായി ഫൂലെ യൂണിവേഴ്സിറ്റിയിലെ ജഗദാലെ കോമളിന് നാലാം ദിനമായ ഇന്നലെ നടന്ന 5000 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം ലഭിച്ചു. സ്റ്റീപ്പിൾ ചെയ്സിൽ 10:23:66 മിനിറ്റാണ് ജഗദാലെ സ്ഥാപിച്ച പുതിയ മീറ്റ് റിക്കാർഡ്. കഴിഞ്ഞ വർഷം ഇതേ മൈതാനത്ത് മംഗളൂരു യൂണിവേഴ്സിറ്റിയുടെ ബി. ശീതൾ സമാജി സ്ഥാപിച്ച 10:34:53 എന്ന സമയം ആണ് ജഗദാലെ മറികടന്നത്.
റെനീഷ് മാത്യു