കാഞ്ഞിരപ്പള്ളി: സർക്കാർ തലത്തിൽ പകൽ വീടുകൾ പലയിടങ്ങളിൽ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നവ ചുരുക്കമാണ്. കാഞ്ഞിരപ്പള്ളി തന്പലക്കാട് തങ്കമ്മ എന്ന അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാനവോദയ എന്ന പകൽ വീട് പക്ഷേ ഇതിനൊരപവാദമാണ്. തന്പലക്കാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ തങ്ങളുടെ നാട്ടിലെ മുത്തശിമാരുടെ നഴ്സറി.
ഒരമ്മയ്ക്ക് മക്കൾ നൽകിയ പിറന്നാൾ സമ്മാനമാണ് ഈ പകൽ വീട്. തന്പലക്കാട് കാരിശേരി തറവാട്ടിലെ 87കാരിയായ തങ്കമ്മ എന്ന അമ്മയ്ക്കാണ് മക്കൾ ചേർന്ന് പിറന്നാൾ സമ്മാനമായി പകൽ വീട് സമ്മാനിച്ചത്. മുൻ ഹിന്ദി അധ്യാപിക കൂടിയായ നാട്ടുകാർ ടീച്ചറമ്മ എന്നു വിളിക്കുന്ന തങ്കമ്മ തന്നെയാണ് പകൽ വീടിന്റെ നടത്തിപ്പുകാരിയും. രണ്ടു വർഷമായി നന്നായി പ്രവർത്തിക്കുന്ന ഈ കിളിക്കൂട്ടിൽ ഇന്നുള്ളത് 24 മുത്തശിമാരാണ്.
കഥയും കവിതയും പാട്ടുകളും കുഞ്ഞു കുഞ്ഞു ജോലികളുമൊക്കെയായി ഇവർ ജീവിതത്തിന്റെ സായാഹ്നം ഇവിടെ ആസ്വദിച്ച് തീർക്കുകയാണ്.വെറുതെ സമയം കളയുക മാത്രമല്ല ഇവർ ഇവിടെ ചെയ്യുന്നത്. സോപ്പ്, മെഴുകുതിരി, സാന്പ്രാണി, പേപ്പർബാഗ് തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ നിർമാണവും ഇവിടെ ഇവർ തന്നെ നടത്തുന്നു.
ശതാഭിഷേക സമ്മാനമായി മക്കൾ നൽകിയ പകൽ വീടിന് മൂന്നുവർഷം മുന്പാണ് ടീച്ചറമ്മ തുടക്കമിട്ടത്. ആദ്യം 10 മുത്തശിമാരാണ് പകൽവീട്ടിലേക്കെത്തിയത്. പിന്നീടത് നാൾക്കുനാൾ കൂടിവന്നു. മുത്തശിമാരെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവരാനായി വാഹനവും മക്കൾ തന്നെ ടീച്ചറമ്മയ്ക്ക് വാങ്ങി നൽകിയിട്ടുണ്ട്.
മാസം ഭക്ഷണത്തിന് മാത്രം പകൽ വീട്ടിലേക്ക് ലക്ഷത്തിനടുത്ത ചെലവ് വരും. പാചകം, ഡ്രൈവർ, ഓഫീസ് സ്റ്റാഫുകളുടെ ശന്പളത്തിനുമായി നാല്പതിനായിരത്തോളം രൂപ വേറെയും. ഭർത്താവിന്റെ കുടുംബപെൻഷനും തങ്കമ്മയുടെ പെൻഷനും തന്നെയാണ് പകൽ വീടിന്റെ മുഖ്യവരുമാനം. മാസം ഒന്നരലക്ഷം രൂപയോളം വരുന്ന ചെലവുകൾ പരിഹരിക്കാൻ മക്കൾ മൂവരും ടീച്ചറമ്മയ്ക്ക് ഒപ്പമുണ്ട്.