കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ജനുവരി 29 മുതൽ ആരംഭിക്കാൻ ധാരണ. തിങ്കളാഴ്ച എല്ലാ കക്ഷികളുടെയും അഭിപ്രായം തേടിയശേഷമാണ് ഈ ധാരണയിലെത്തിയത്. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് അറിയിച്ചു.
ദിലീപ് അടക്കമുളള കേസിലെ പ്രതികൾക്ക് തിങ്കളാഴ്ച കോടതി കുറ്റപത്രം നൽകി. പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും അവർക്കു മേൽ കുറ്റം ചുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് തിങ്കളാഴ്ച നടക്കുന്നത്. പ്രതികൾ കുറ്റം നിഷേധിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു നീങ്ങും. അടച്ചിട്ട മുറിയിലാണു നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്.
ദിലീപടക്കമുള്ള പ്രതികൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാവണമെന്ന് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം ഹാജരാകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗുഡാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശൃങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത് ദിലീപാണന്നാണു പോലീസിന്റെ ആരോപണം.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപും പത്താം പ്രതി വിഷ്ണുവും സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ശനിയാഴ്ച തള്ളിയിരുന്നു. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇപ്പോൾ ദിലീപിന്റെ തീരുമാനം. എന്നാൽ, വിചാരണ കോടതിയിലെ നടപടികൾ തുടരും.