തൃശൂർ: പരന്പരാഗത കൃഷി സന്പ്രദായം നിലനിർത്തിക്കൊണ്ടുതന്നെ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കർഷകരുടെ പ്രതിസന്ധികൾക്കു പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈഗ 2020 മൂന്നാം ദിന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ മൂലാവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കണം. ഉത്പാദനച്ചെലവ് ഭീമമായി ഉയരുകയും വരുമാനം കുറയുകയും ചെയ്യുന്നതുമൂലം രാജ്യത്ത് കർഷക ആത്മഹത്യകൾ പെരുകുകയാണ്. ഇതിനിടെ ബാങ്കുകൾ നിർദാക്ഷിണ്യം ജപ്തി നടപടികളുമായി മുന്നോട്ടു പോകുകയാണ്. സംഭരിക്കുന്ന നെല്ലിന് മികച്ച വില കാലതാമസമില്ലാതെ നല്കണം – ചെന്നിത്തല പറഞ്ഞു.
കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എൻ.കെ. ഉദയപ്രകാശ്, കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പ്രസംഗിച്ചു.