കോഴിക്കോട്: വയനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാന് ബസില്‍ കയറാന്‍ പിന്തുടര്ന്നത് 54 കിലോമീറ്റര്‍..! വയനാട് വെള്ളമുണ്ട എയുപി സ്കൂള്‍ അധ്യാപികയായ വി.എം.റോഷ്നിക്കും മകന് സൗരവിനുമാണ് ഈ ദുരനുഭവമുണ്ടായത്. കല്‍പ്പറ്റ മുതല്‍ അടിവാരം വരെ ബസിനെ കാറില്‍ പിന്തുടരുകയും ഒടുവില്‍ മറികടന്ന് മുന്നില്‍ നിര്‍ത്തുകയും ചെയ്ത ശേഷമാണ് യാത്രക്കാരന് ബസില്‍ കയറാന്‍ സാധിച്ചത്.
യാത്രക്കാരന് പിറകിലുണ്ടെന്ന് ബസ് ജീവനക്കാര്‍ മനസിലാക്കിയിട്ടും ബസ് നിര്‍ത്തുവാനോ യാത്രക്കാരനെ കയറ്റാനോ തയാറായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് അധ്യാപിക കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ക്ക് പരാതി നല്കി. കെഎസ്ആര്‍ടിസി എംഡിക്കും ഉടൻ പരാതി നൽകുമെന്ന് റോഷ്നി “രാഷ് ട്രദീപിക’യോട് പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം. തിരുവനന്തപുരത്ത് സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിയിലെ ബിരുദ വിദ്യാര്‍ഥിയായ മകന് സൗരവിന്റെ യാത്രയുമായി ബന്ധപ്പെട്ടണ് 549 രൂപ അടച്ച് ഓണ്‍ലൈനില്‍ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. രാത്രി 10.30നായിരുന്നു ബസ് കല്‍പ്പറ്റയില്‍ എത്തുക. മാനനന്തവാടിയില്‍ നിന്ന് കാറില്‍ മകനുമായി ഒരു മണിക്കൂറോളം യാത്രചെയ്ത് അധ്യാപിക 9.30 ന് കല്‍പ്പറ്റ എത്തി.
ടിക്കറ്റില്‍ ബോര്‍ഡിംഗ് പോയന്റ് കല്‍പ്പറ്റ എന്നു മാത്രമേ കാണിച്ചിട്ടുള്ളൂ. രണ്ടു ബസ്് സ്റ്റാൻഡുകള്‍ ഉള്ളതില്‍ പുതിയ സ്റ്റാൻഡിനുമുന്നിലാണ് ബസ് നിന്നത്. രാത്രി 10ന് ബത്തേരിയില്‍ നിന്നുവരുന്ന മിന്നല്‍ ബസ് 10.30 നാണ് കല്‍പ്പറ്റയിലെത്തുന്നത്. സാധാരണ ബസ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ കണ്ടക്ടര്‍ വിളിച്ച് സീറ്റ് ഉറപ്പിക്കാറുണ്ട്.
ബസ് എത്തുന്ന സമയവും നിര്‍ത്തുന്ന സ്ഥലവും പറയുകയും പതിവാണ്. എന്നാല്‍ അന്ന് ആരും വിളിച്ചില്ലെന്ന് അധ്യാപിക പറഞ്ഞു. 10.19 മുതല്‍ അധ്യാപിക നിരന്തരം ഫോണ്‍ വിളിച്ചെങ്കിലും കണ്ടക്ടര്‍ എടുത്തില്ല. എവിടെ നില്‍ക്കണമെന്ന ആശങ്കയില്‍ നില്ക്കുമ്പോള് 10.31 ന് കണ്ടക്ടര്‍ ഫോണ്‍ എടുത്തു. പഴയ ബസ് ്സ്റ്റാന്ഡില് ബസ് എത്തിയെന്നു പറഞ്ഞു.
പുതിയ ബസ് സ്റ്റാന്‍ഡില്‍ വരില്ലെന്നും പഴയ സ്റ്റാന്‍ഡില്‍ തന്നെ വരണമെന്നു പറഞ്ഞു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് കാറുമായി പുറപ്പെട്ടു. പിണങ്ങോട് ജംഗ്ഷനിലെത്തിയപ്പോള് ബസ് പോവുന്നത് കണ്ടു. വീണ്ടും കണ്ടക്ടറെ വിളിച്ച് തൊട്ടുപുറകില്‍ ഞങ്ങളുണ്ടെന്ന് പറഞ്ഞുവെങ്കിലും താമരശ്ശേരി വന്നു കയറിക്കോളൂ, ഇനി സ്റ്റോപ്പില്ലെന്നായിരുന്നു മറുപടി.
കണ്ടക്ടര്‍ ബസ് നിര്‍ത്തിക്കൊടുക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നതായി ഫോണില്‍ കേട്ടെങ്കിലും ഡ്രൈവര്‍ സമ്മതിച്ചില്ല. ഒടുവില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്താല്‍ നിര്‍ത്താമെന്നായിരുന്നു മറുപടി. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ പരമാവധി വേഗതയില്‍ ബസിനെ പിന്തുടര്ന്നു. വൈത്തിരി എത്തിയപ്പോള്‍ വീണ്ടും കണ്ടക്ടറെ വിളിച്ചു .
ബസ് പഴയ വൈത്തിരി എത്തി എന്നു പറഞ്ഞു. വേഗത കുറയ്ക്കാന്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ചുരമിറങ്ങിയപ്പോള്‍ ബസിനെ മറി കടന്നു. കണ്ടക്ടറെ വിളിച്ചു തൊട്ടു മുമ്പിലുണ്ടെന്ന് പറഞ്ഞപ്പോള്‍ അടിവാരത്തു നിര്‍ത്താന്‍ പറഞ്ഞു.
അടിവാരത്ത് ബസ് എത്തിയപ്പോള്‍ കാര്യങ്ങള്‍ കണ്ടക്ടറെ ധരിപ്പിക്കാമെന്ന് കരുതിയെങ്കിലും മകന് കയറിയപ്പോഴേക്കും ബസ് പുറപ്പെട്ടു. തിരിച്ച് കല്‍പ്പറ്റ എത്തിയപ്പോള്‍ പോലീസിനോട് ഇക്കാര്യം വിശദമാക്കി പരാതി പറഞ്ഞു . കെഎസ്ആര്‍ടിസിയുടെ ഭാഗത്തു നിന്ന് തനിക്കുണ്ടായ ദുരനുഭവം അധ്യാപിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറ്റപ്പെടുത്തി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.