കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളോട് മോശമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത അധ്യാപകനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സഹായം തേടി പോലീസ്.
കോഴിക്കോട് ഹിമായത്തുൽ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബോട്ടണി വിഭാഗം അധ്യാപകനും കുന്നമംഗലം പെരിങ്ങളം സ്വദേശിയുമായ പുല്ലാങ്ങോട്ട് ഇല്ലം കൃഷ്ണന് നമ്പൂതിരിയെ കണ്ടെത്തുന്നതിനാണ് പോലീസ് മൊബൈല്‍ ഫോണ്‍ കണക്ഷന് കമ്പനികളുടെ സഹായം ആവശ്യപ്പെട്ടത്.
ഇത് സംബന്ധിച്ച് സൈബര്‍സെല്‍ ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ജിയോ കമ്പനികള്‍ക്ക് അപേക്ഷ നല്കി. അധ്യാപകന്റെ ആധാര്‍ നമ്പര്‍ സഹിതമാണ് അപേക്ഷ നല്‍കിയത്. രാജ്യത്ത് എവിടെ നിന്നായാലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പുതിയ സിംകാര്‍ഡ് വാങ്ങുകയാണെങ്കില്‍ അക്കാര്യം അറിയിക്കുന്നതിനാണ് അപേക്ഷ നല്‍കിയത്.
അധ്യാപകനെ കണ്ടെത്തുന്നതിനായി ടൗണ്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറിക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അധ്യാപകന് ഫോണില്‍ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. സ്ഥിരമായി ഉപയോഗിക്കുന്ന ഫോണും നമ്പറും മാസങ്ങളായി സൈബര്‍ സെല്‍ നിരീക്ഷിച്ചുവരികയാണ്.
എന്നാല്‍ ഒരിക്കല്‍ പോലും ഈ ഫോണോ സിംകാര്‍ഡോ ഉപയോഗിച്ച് സന്ദേശമയക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സൈബര്‍സെല്ലിന്റെ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് പുതിയ സിംകാര്‍ഡ് വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം വിവരം കൈമാറാന്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് പോലീസ് അപേക്ഷ നല്‍കിയത്.
സ്കൂള്‍ വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടേയും പരാതിയില്‍ മൂന്ന് കേസുകളാണ് ടൗണ്‍പോലീസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസുകള്‍ അന്വേഷിക്കുന്നത് എസ്ഐ കെ.ടി.ബിജിത്തും ഒരു കേസ് അന്വേഷിക്കുന്നത് എസ്ഐ വി.വി.സലീമുമാണ്. പരാതി ലഭിച്ച ഒക്ടോബര്‍ അവസാന ആഴ്ചയില്‍ തന്നെ കൃഷ്ണന് നമ്പൂതിരിയെ കുറിച്ച് അന്വേഷിച്ചെങ്കിലും ഇയാള്‍ മുങ്ങിയതായാണ് വിവരം.
തുടര്‍ന്ന് ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഒക്ടോബര്‍ 26 ന് സ്വിച്ച് ഓഫ് ആയ ഫോണ്‍ ഇതുവരേയും ഓണാക്കിയിട്ടില്ലെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.
അധ്യാപകന്റെ ബന്ധുവീടുകളിലും മറ്റും നിരവധി തവണ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചില്ല. ഇവിടെ നടത്തിയ പരിശോധനയില്‍ അധ്യാപകന് പാസ്പോര്ട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ പരാതിയുമായെത്തിയത്.
15 ലേറെ വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി ഉന്നയിച്ചത്. ആദ്യം പിടിഎ കമ്മിറ്റിക്കായിരുന്നു പരാതി നല്‍കിയത്. പിന്നീട് സ്കൂള്‍ പ്രിന്‍സിപ്പാളിനും കൈമാറി. പ്രിന്‍സിപ്പലാണ് 25 ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.