മുക്കം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ കേരളത്തിൽ നിയമത്തെ ന്യായീകരിച്ച് സംഘപരിവാർ സംഘടനകളും പ്രവർത്തകരും നടത്തുന്ന ഗൃഹസന്ദർശനത്തിനെതിരേ കാന്പയിനുമായി സോഷ്യൽ മീഡിയ. “മൈ ഡോർ ഈസ് ക്ലോസ് ടു സിഎഎ ഏജന്റ്സ് ‘
(#MyDoorIsClosedToCAAagents) അടക്കമുള്ള ഹാഷ് ടാഗുകളോടെ നടക്കുന്ന കാന്പയിന് വൻ പ്രചാരണമാണ് ലഭിക്കുന്നത്.
രാജ്യത്തിന്റെ മതേതര പാരമ്പര്യം ശിഥിലമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന സംഘപരിവാർ പ്രവർത്തകരാരും വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് ഓരോരുത്തരും കാന്പയിനിലൂടെ വ്യക്തമാക്കുന്നത്. ചിലർ വീടുകൾക്ക് മുൻപിൽ “എന്റെ വീട്ടു പടിക്കലേക്ക് സംഘികൾക്ക് പ്രവേശനമില്ല, പൗരത്വ നിയമം വിശദീകരിക്കാനായി ബിജെപിക്കാർ ആരും വരേണ്ട’ എന്ന് എഴുതി വയ്ക്കുക വരെ ചെയ്തിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്ക്കെതിരേ രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഇതിനെതിരെ വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താൻ ബിജെപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സംസ്കാരിക സംഘടനാ നേതാക്കളുടെ വീടുകളിൽ സംഘപരിവാർ പ്രവർത്തകർ പരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പ്രചാരണം നടത്തുന്നതിന്റെ ഫോട്ടോകൾ പുറത്തു വന്നത് വൻ വിവാദമായിരുന്നു.
ഇതിനെ തുടർന്നാണ് സംഘപരിവാർ പ്രവർത്തകരെ വീടുകളിൽനിന്ന് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കാന്പയിൻ ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘപരിവാർ പ്രവർത്തകർ വീട്ടിലെത്തിയാൽ അവരോട് ചോദിക്കാനുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.