ആലപ്പുഴ: പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവർണറുടെ നടപടി ശരിയല്ലെന്ന് മന്ത്രി ജി.സുധാകരൻ. എൽഡിഎഫിന്റെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ധൂർത്ത്, സമയനഷ്ടം ഇവ പറയാൻ പാടില്ല. കേന്ദ്രമന്ത്രിമാർ പറയുന്നതുപോലെയാണ് ഗവർണർ സംസാരിക്കുന്നത്.
ഭരണഘടനാപരമായ പദവിയുള്ള ഗർണറെ ബഹുമാനിക്കുന്നു. വിമർശിക്കാൻ പാടില്ലെന്ന് പറയുന്ന വാദം ശരിയല്ല. ജനാധിപത്യ വ്യവസ്ഥയിൽ വോട്ടെടുപ്പിലൂടെ ഗവർണർ തെരഞ്ഞെടുക്കപ്പെടണം എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. കോടതികൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമം നിർമിക്കുന്നത് പാർലമെന്റും നിയമസഭകളും ആണ്.
ജഡ്ജിമാർ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നവരല്ല. പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പാർലമെന്റിൽ ജഡ്ജിമാരെ വിളിച്ചുവരുത്തി ഇന്പീച്ച് ചെയ്ത ചരിത്രമുണ്ട്. കോടതി വിധിയെ മാനിക്കുന്നു. ഭരണഘടനയ്ക്ക് നിരക്കാത്ത നിയമം കേന്ദ്രം പാസാക്കിയതിലൂടെ പാർലമെന്റിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറ തകർന്നു. പൗരത്വ നിയമഭേദഗതി ശരിയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. കാലത്തെ അതിജീവിച്ച ഭരണഘടനയെ തകർത്ത് ഇന്ത്യയെ ഇനിയും രണ്ടാക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ല.
കോണ്ഗ്രസിലെ ഹിന്ദു വികാരമുള്ള നേതാക്കൾ ബിജെപിയിൽ ചേർന്നതാണ് ഇവരുടെ വളർച്ചയ്ക്ക് കാരണമെന്നും ജി.സുധാകരൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ആർ.നാസർ, സജിചെറിയാൻ എംഎൽഎ, യു.പ്രതിഭ എംഎൽഎ, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, പി. പ്രസാദ്, കെ.എസ്. പ്രദീപ്കുമാർ, പി.കെ. മുരളീധരൻ, സന്തോഷ്കുമാർ, സജീവ്, ജോസ് കാവനാട്, ഷേക്.പി.ഹാരീസ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.