ചാരുംമൂട്: പഠനത്തോടൊപ്പം കൃഷിയെയും ചേർത്ത് വെച്ച സഹോദരങ്ങളായ കുട്ടിക്കർഷകർ നാടിനും കാർഷിക മേഖലക്കും മാതൃകയാകുന്നു. നൂറനാട് പാലമേൽ മുതുകാട്ടുകര സൻമാൻ മൻസിൽ ഷിജു റുബീന ദന്പതികളുടെ മക്കളായ സൽമാൻ ഷായും സഹോദരി സന ഫാത്തിമയുമാണ് ഈ കുട്ടി കർഷകർ. വീടു നിൽക്കുന്ന സ്ഥലമുൾപ്പെടെ ആകെയുള്ള 15 സെന്റു ഭൂമിയിലാണ് വിശാലമായ കൃഷിത്തോട്ടമൊരുക്കിയത്. ഇത് നാട്ടുകാരെ പോലും ഇപ്പോൾ അത്ഭുതപ്പെടുത്തി. മൂന്നു വർഷം മുന്പ് കെറ്റിജി എന്ന വാട്സ്അപ് കൂട്ടായ്മയിലൂടെ കൃഷിയെ കുറിച്ച് ലഭിച്ച അറിവുകളാണ് ഇവർക്ക് ജൈവ കൃഷിക്ക് പ്രചോദനമായത്. തുടർന്ന് വീടിന് സമീപം ചെറിയ തോതിൽ കൃഷി പരീക്ഷിച്ചു നോക്കി.
ഇവ വിജയകരമായതോടെ ഇരുവർക്കും കൃഷിയോടുള്ള താൽപര്യം വർധിച്ചു. ആദ്യം വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികൾ ഇവർ വിളയിച്ചെടുത്തു. തുടർന്ന് കോഴി, ആട്, ഗിനിക്കോഴി, പ്രാവ്, മുയൽ തുടങ്ങിയവയെ വളർത്താൻ തുടങ്ങി. കൃഷി വികസിപ്പിച്ചെടുക്കാൻ വേണ്ടത്ര ഭൂമിയില്ലന്നുള്ളതു മാത്രമാണ് ഇവരുടെ മുന്നിലുള്ള പ്രശ്നം. പാലമേൽ കൃഷി ഓഫീസർ പി.രാജശ്രീയും പഞ്ചായത്ത് അംഗം രാധികക്കുഞ്ഞമ്മയും കുട്ടി കർഷകർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ രംഗത്തുണ്ട്.
കെറ്റിജി വാട്ട്സ്അപ് കൂട്ടായ്മ കഴിഞ്ഞ വർഷം ഏർപ്പെടുത്തിയിരുന്ന കുട്ടിക്കർഷകർക്കുള്ള കർഷക അവാർഡിന് ഇവരെയാണു തെരഞ്ഞെടുത്തത്. ഇതു കൂടാതെ കർഷക ദിനാചരണത്തിന്റെ ഭാഗമായി പാലമേൽ കൃഷിഭവൻ ഇത്തവണത്തെ ഏറ്റവും നല്ല കുട്ടി കർഷകരായി ഇവരെ തെരഞ്ഞെടുത്തിരിക്കുകയാണ്. പിതാവ് ഷിജു വിദേശത്താണ്. മാതാവ് റുബീനയും മക്കളുടെ കൃഷിക്ക് പ്രചോദനം നൽകി കൂടെയുണ്ട്. താമരക്കുളം വിവിഎച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാർഥിയാണ് സൽമാൻ ഷാ.
സഹോദരി സന ഫാത്തിമ നൂറനാട് സിബിഎം എച്ച്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കുടുംബശ്രീ ന· ബയോഫാർമസിയുടെയും സംസ്ഥാന കൃഷിവകുപ്പിന്റെ സംയോജിക കൃഷി വികസന പദ്ധതിയുടെ ആത്മ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തിയും കുട്ടി കർഷകരുടെ കൃഷിക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുവാനുള്ള ശ്രമത്തിലാണ് കൃഷിഭവനെന്ന് കൃഷി ഓഫീസർ പി. രാജശ്രീപറഞ്ഞു.