മൂവാറ്റുപുഴ : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയ പായിപ്ര പോയാലി മലയിൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ജനകീയ കണ്വൻഷനിലേക്ക്് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരെത്തി. പോയാലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മലയ്ക്ക് മുകളിൽ ജനകീയ കണ്വൻഷൻ സംഘടിപ്പിച്ചത്. കൺവൻഷനിലെത്തിയവർക്ക് പോയാലി മലയുടെ പ്രകൃതി സൗന്ദര്യം കാണുന്നതിനും അവസരമൊരുക്കിയിരുന്നു.
പോയാലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മലയിലേയ്ക്ക് കയറുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. മലമുകളിൽ നടന്ന ജനകീയ കണ്വൻഷൻ ജില്ലാ പഞ്ചായത്തംഗം എൻ. അരുണ് ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്തംഗം വി.എച്ച്. ഷഫീഖ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ആമിന മുഹമ്മദ് റാഫി, അഗംങ്ങളായ മറിയം ബീവി നാസർ, കെ.ഇ. ഷിഹാബ്, നസീമ സുനിൽ, പി.എസ്. ഗോപകുമാർ, നേതാക്കളായ ആർ. സുകുമാരൻ, കെ.കെ. ശ്രീകാന്ത്, യു.പി. വർക്കി, സി.സി. ഉണ്ണികൃഷ്ണൻ, ജോഷി ചാക്കോ, പി.എച്ച്. സക്കീർ ഹുസൈൻ, പി.എം. നൗഫൽ എന്നിവർ പ്രസംഗിച്ചു.
പോയാലി മലയുടെ ടൂറിസം സാധ്യതകൾ അധികൃതരിലേക്ക് എത്തിക്കുന്നതിനും പോയാലി മലയുടെ പ്രകൃതി സൗന്ദര്യം മൂവാറ്റുപുഴയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി ഏപ്രിലിൽ പോയാലി മല ഫെസ്റ്റ് നടത്തുന്നതിനും കണ്വൻഷൻ തീരുമാനിച്ചു.മൂവാറ്റുപുഴ നഗരത്തിൽ നിന്നും ഒന്പത് കിലോമീറ്റർ മാത്രം അകലത്തിലാണ് പോയാലി മല സ്ഥിതി ചെയ്യുന്നത്. എംസി റോഡിലെ പായിപ്ര കവലയിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ നിരപ്പ് ഒഴുപാറയിൽ സ്ഥിതി ചെയ്യുന്ന പോയാലി മലയിലെത്താം.
പായിപ്ര പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലൂടെ കടന്നുപോകുന്ന പോയാലി മല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളുമുണ്ട്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടക്കുന്നുകളും കൊണ്ട് അനുഗ്രഹീതമാണ്. അന്പത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഐതീഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിലുളള ഒരിക്കലും വെള്ളം വറ്റാത്ത കിണറും കാൽപ്പാദങ്ങളുടെ പാടുകളും പുറമെനിന്ന് എത്തുന്നവർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. മലയ്ക്ക് മുകളിൽ നിന്ന് ഉദയവും അസ്തമയവും കാണുന്നതും കണ്ണിന് കുളിർമയേകും.
മലയിൽ എളുപ്പത്തിൽ എത്താവുന്ന രൂപത്തിൽ റോഡ് ഉണ്ടാക്കുക, റോപ്പ് വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ച സൗകര്യങ്ങൾ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുക, മലമുകളിലെ അത്ഭുത കിണറും കാൽപാദവും വെളളച്ചാട്ടവും കൽചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമിക്കുക തുടങ്ങിയ പദ്ധതികളാണ് പോയാലി മലയിൽ ലക്ഷ്യമിടുന്നത്. കല്ലിൽ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മല വിനോദ സഞ്ചാരകേന്ദ്രമാക്കുവാൻ ഏറ്റവും അനുയോജ്യമാണ്. ശലഭോദ്യാന പാർക്ക്, വ്യൂ ടവർ എന്നിവയെല്ലാം നിർമിക്കുന്പോൾ ആരേയും ആകർഷിക്കുന്ന വിനോദ സഞ്ചാരകേന്ദ്രമായി മാറും.
വിനോദ സഞ്ചാരകേന്ദ്രമാക്കാൻ എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലി മല ടൂറിസം പദ്ധതി നടപ്പായാൽ നിരവധി പേർക്ക് തൊഴിലും ഒരു നാടിന്റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രവും നിലനിർത്താൻ കഴിയും. ഇതോടൊപ്പം മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഇടത്താവളമായി പോയാലി മല മാറും. പോയാലി മല ടൂറിസം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർക്കാർ ഇടപെടലുകൾ നടത്തുന്നതിനും ജനപ്രതിനിധികൾ രക്ഷാധികാരികളായ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.