അന്തിക്കാട്: കുഴിപ്പള്ളിക്കരയിൽ എക്സൈസിനെ ഭയന്ന് പുഴയിൽ ചാടി തൃപ്രയാർ സ്വദേശി അക്ഷയ് മുങ്ങി മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്യും. അക്ഷയിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
അക്ഷയ് മരിച്ച സംഭവത്തിനു പിറകിൽ പ്രദേശവാസിക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഗൃഹനാഥനെ ആക്രമിക്കുകയും വീടും കൃഷിയും തകർക്കുകയും ചെയ്തതിനു 13 പേരെ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. അക്ഷയ് വെള്ളത്തിൽ മുങ്ങിത്തുടിക്കുന്പോൾ ’കേറിവാടാ’ എന്നിങ്ങനെ വിളിച്ചുപറയുന്നതടക്കമുള്ള ഓഡിയോയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അക്ഷയ് വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്നപ്പോൾ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനാണ് പരിപാടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.