കരുനാഗപ്പള്ളി : മനോഹരമായ വാസ്തു ശൈലിൽ നിർമ്മിച്ച കെട്ടിടം. പക്ഷെ ഇന്നതിന്റെ സ്ഥിതി ദയനീയമാണ്.സുനാമി ദുരന്തത്തെ തുടർന്ന് ആലപ്പാട് ഗ്രാമത്തിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഒഴുകിയെത്തിയ സഹായങ്ങൾക്കൊപ്പമാണ് ആലപ്പാട് ഗ്രാമത്തിൽ ഏറെ പ്രതീക്ഷയോടെ കുട്ടികളുടെ ഗ്രാമവും രൂപം കൊണ്ടത്. പൊട്ടിപൊളിഞ്ഞ് കാടും പടലും മൂടി പരിപാലനത്തിന് ആരുമില്ലാതെ അനാഥമായി കിടക്കുകയാണ് ഇന്ന് ഈ കെട്ടിടം.
ഗൾഫ് മലയാളികളുടെ കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷനാണ് (ജി എം എഫ്) ചെറിയഴീക്കൽ ക്ഷേത്രത്തിനു സമീപം ഉദ്യോഗ തുരുത്തിന്റെ തെക്കേയറ്റം കുട്ടികളുടെ ഗ്രാമം യാഥാർത്ഥ്യമാക്കിയത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ് വസ്തു വാങ്ങിയത്.2005 മെയ് 10ന് ആഘോഷമായി ഉത്ഘാടനവും നടന്നു. കായലിൽ തീർത്ത വേദിയിൽ വച്ച് കവി കടമ്മനിട്ട രാമകൃഷ്ണനും പ്ലാച്ചിമട സമര നായിക മയിലമ്മയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.പിന്നീട് കുറെ നാൾ വിവിധ പരിപാടികളും ഇവിടെ നടന്നു.
പിന്നീട് ആരും തിരിഞ്ഞു നോക്കാതെയായി. ദേശീയ ജലപാതയോട് ചേർന്ന് കായൽ സൗന്ദര്യം ഉൾപ്പടെ നുകർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒത്തുകൂടാനുള്ള സാംസ്കാരിക ഇടമായി മാറേണ്ടിയിരുന്ന സ്ഥലമാണ് തകർച്ചയുടെ വക്കിൽ അനാഥമായി കിടക്കുന്നത്.സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ ഏറെ ഭാഗം ഇതിനകം കായലിലേക്ക് ഇടിഞ്ഞു പോയതായി പ്രദേശവാസി പറഞ്ഞു. ഉടമസ്ഥാവകാശമില്ലാത്തതിനാൽ പഞ്ചായത്തിനും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്.
ഇടക്കാലത്ത് വസ്തുവകകളുടെ നോട്ട ചുമതല കരയോഗത്തെ ഏൽപ്പിച്ചിരുന്നതായും പ്രവർത്തനം നല്ല രീതിയിൽ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോകുന്നവർക്കായി വിട്ടു നൽകുന്നതിന് ഫെഡറേഷൻ ഭാരവാഹികൾക്ക് യോജിപ്പാണെന്നും സാംസ്കാരിക പ്രവർത്തകനും ട്രസ്റ്റ് അംഗവും കൂടിയായ ഡോ വള്ളിക്കാവ് മോഹൻദാസ് പറഞ്ഞു.
ഏതായാലും തങ്ങളുടെ നാട്ടിലെ പൊതു സ്ഥാപനത്തിന് പുനർജനി ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് നാട്ടുകാർ.