ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാന ചിന്തയുള്ള രാഷ്ട്രീയ പാർട്ടികളുമായി യോജിച്ച് പ്രക്ഷോഭം നടത്താൻ കോണ്ഗ്രസ് തയാറാണെന്ന് കെ.സി.വേണുഗോപാൽ. സിപിഎമ്മുമായി ചേർന്ന് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ തള്ളിയാണ് വേണുഗോപാലിന്റെ നിലപാട് പ്രഖ്യാപനം.
പൗരത്വ നിയമത്തിനെതിരേ കോണ്ഗ്രസ് പ്രതിഷേധം കടുപ്പിക്കും. സമാന ചിന്താഗതിക്കാരുമായി യോജിച്ച് സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ദേശീയ തലത്തിൽ കോണ്ഗ്രസ് മുൻകൈയെടുത്ത് യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് അർഹതപ്പെട്ട പ്രളയദുരിതാശ്വാസം നിരസിക്കുന്ന കേന്ദ്ര സമീപനം അംഗീകരിക്കാൻ കഴിയില്ല. കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ പകപോക്കൽ സമീപനമാണ് നടത്തുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.