മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ കാലഘട്ടത്തിലൂടെയാണ് 2019 കടന്നു പോയത്. മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ് നേട്ടം കൊയ്തതും ഏറ്റവും ഉയർന്ന ബജറ്റിലുള്ള ചിത്രം ഒരുക്കിയതും പോയ വർഷമാണ്. ജനുവരി ആദ്യവാരം മുതൽ ക്രിസ്മസ് കാലയളവിൽ വരെ 175-ൽ അധികം ചിത്രങ്ങളാണ് തിയറ്ററിലെത്തിയത്. അതിൽ നിന്നും വാണിജ്യപരമായും കലാമൂല്യം കൊണ്ടും ശ്രദ്ധ നേടിയ ടോപ് ടെണ് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്പോൾ…
ലൂസിഫർ
മലയാള സിനിമയ്ക്കു ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിക്കൊടുത്ത ലൂസിഫറാണ് 2019-ലെ ഏറ്റവും വലിയ വിജയം. മോഹൻലാലിനെ നായകനാക്കി പൊളിറ്റിക്കൽ മാസ് എന്റർടെയ്നറാക്കി ചിത്രം ഒരുക്കിയപ്പോൾ സംവിധാനത്തിൽ പ്രഥമ പടിയെങ്കിലും കൃത്യമായ ധാരണ പൃഥ്വിരാജിനുണ്ടായിരുന്നു. അതാണ് വലിയ വിജയമായി മാറിയതും. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയി, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ അടക്കം വലിയ താരനിരയാണ് എത്തിയത്. ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയം നേടിയിരുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ
വന്പൻ താരനിരയില്ലാതെ രണ്ടു കോടിയിൽ താഴെ മുതൽ മുടക്കി പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. വലിയ വിജയം സ്വന്തമാക്കിയ ചിത്രം 50 കോടിയിലധികമാണ് ബോക്സോഫീസ് കളക്ഷൻ നേടിയത്. വിനീത് ശ്രീനിവാസൻ മാത്രമായിരുന്നു ചിത്രത്തിലെ താരസാന്നിധ്യം. ജൂലൈ മാസം തിയറ്ററിൽ എത്തിയ ചിത്രം നവാഗതനായ ഗിരീഷ് എ.ഡിയാണ് സംവിധാനം ചെയ്തത്. മാത്യു തോമസ്, അനശ്വര രാജൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ.
കുന്പളങ്ങി നൈറ്റ്സ്
ശ്യാം പുഷ്കറിന്റെ തിരക്കഥയിൽ നവാഗതനായ മധു സി. നാരായണൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു കുന്പളങ്ങി നൈറ്റ്സ്. മികച്ച വാണിജ്യ വിജയത്തിനൊപ്പം നിരൂപക പ്രശംസയും സ്വന്തമാക്കിയ ചിത്രത്തിലെ ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രം വളരെയോറെ ചർച്ച സൃഷ്ടിച്ചിരുന്നു. അന്ന ബെന്നാണ് ചിത്രത്തിൽ നായികയായത്.
വിജയ് സൂപ്പറും പൗർണമിയും
പോയ വർഷത്തെ കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രം എന്ന വിശേഷണത്തോടെയാണ് ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി ജോഡികളായെത്തിയ വിജയ്സൂപ്പറും പൗർമിയും പട്ടികയിലിടം നേടുന്നത്. വിജയ്, പൗർണമി എന്നിവരുടെ ജീവിതം വളരെ ലളിതമായി അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രം സംവിധാനം ചെയ്തത് ജിസ് ജോയിയാണ്. നൂറു ദിവസത്തിലധികം പ്രദർശന വിജയം ചിത്രം നേടിയിരുന്നു.
ഉയരെ
2019-ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പേരുനേടിയ ഉയരെ പാർവതിയുടെ മികവുറ്റ പ്രകടനത്തിനുള്ള മറ്റൊരു വേദിയായിരുന്നു. ആസിഡ് അക്രമണത്തിനു ഇരയാകുന്ന പെണ്കുട്ടിയുടെ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ചിത്രത്തിനു രചന ഒരുക്കിയത് സഞ്ജയ് ബോബി ടീമാണ്. ആസിഫ് അലിയുടെ വേറിട്ട പ്രകടനത്തിനും ഇടമൊരുക്കിയ ചിത്രം ടോവിനോയ്ക്കും കയ്യടി നേടിക്കൊടുത്തു. നവാഗതനാ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തത്.
ഉണ്ട
മമ്മൂട്ടി നായകനായി എത്തി വേറിട്ട പോലീസ് കഥ പറഞ്ഞ ചിത്രമായിരുന്നു ഉണ്ട. കേരളത്തിൽ നിന്നും ഒരുകൂട്ടം പോലീസുകാർ ഛത്തീസ്ഗഡിലേക്കു ഇലക്ഷൻ ഡ്യൂട്ടിക്കു പോകുന്നതും അവിടെ അവർ നേരിടുന്ന സംഭവങ്ങളും യാഥാർത്യ ഭാവത്തോടെ സിനിമാറ്റിക്കായി അവതരിപ്പിച്ച ചിത്രം ഏറെ പ്രശംസ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പം ഒരുപിടി യുവതാരങ്ങളും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 2.5
സുരാജ് വെഞ്ഞാറമ്മൂടിന്റെ വേറിട്ട അഭിനയ മുഹൂർത്തങ്ങൾക്കു വേദിയൊരുക്കിയ ചിത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 2.5. സൗബിൻ ഷാഹിറും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. പ്രായമുള്ള അച്ഛനെ നോക്കാനായി മകൻ വിദേശത്തു നിന്നും ഒരു റോബോർട്ടിനെ കൊണ്ടുവരുന്നതും പിന്നീട് അവർക്കിടയിലുണ്ടാകുന്ന ആത്മബന്ധവുമാണ് ചിത്രത്തിലൂടെ പറഞ്ഞത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്തത്.
ജെല്ലിക്കെട്ട്
പുരസ്കാര നിറവോടെയാണ് ജെല്ലിക്കെട്ട് പ്രേക്ഷകർക്കു മുന്നിലെത്തിയത്. നിരവധി ചലച്ചിത്ര മേളകളിൽ നിന്നും പേരും പെരുമയും നേടിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തത്. ഒരു ദേശത്തെ ജനം മുഴുവൻ ഒരു പോത്തിനു പിന്നാലെ പായുന്ന സംഭവങ്ങളെ ദൃശ്യവൽക്കരിച്ച ചിത്രം മലയാള സിനിമയിൽ തന്നെ പുതിയ കാഴ്ചാശീലുകളെ സൃഷ്ടിച്ചു. ചെന്പൻ വിനോദ്, ആന്റണി വർഗീസ് എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്.
മൂത്തോൻ
ഇന്നലെകളിൽ നായികയായി തിളങ്ങിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മൂത്തോൻ. നിവിൻ പോളിയുടെ കരുത്തുറ്റ അഭിനയ സാധ്യതകളെ വെള്ളിത്തിരയിലെത്തിച്ച ചിത്രം തിയറ്ററിൽ എത്തുന്നതിനു മുന്പ് തന്നെ വിവിധ ചലച്ചിത്ര മേളകളിലൂടെ പ്രശംസ നേടിയിരുന്നു. മുംബൈ, ലക്ഷദ്വീപ് എന്നിവിടങ്ങളുടെ കാണാത്ത മുഖം അനാവരണം ചെയ്ത ചിത്രം ബോക്സോഫീസിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, രാജീവ് രവി എന്നിവരും ചിത്രത്തിന്റെ അണിയറയിലുണ്ട്.
മാമാങ്കം
മലയാളത്തിൽ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും വലിയ മുതൽ മുടക്കിലൊരുങ്ങിയ ചിത്രമാണ് മാമങ്കം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കൂറ്റൻ സെറ്റും വന്പൻ തയാറെടുപ്പോടും അണിയിച്ചൊരുക്കിയ ചിത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ മാമാങ്ക ഉൽസവ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തിയ ചിത്രം മറ്റ് സൗത്തിന്ത്യൻ ഭാഷകളിലും റിലീസ് ചെയ്തിരുന്നു.