വർഷം 1997. അമേരിക്കയിലെ യൂട്ടായിലുള്ള സബ്വേ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ സാൻവിച്ച് മേക്കറായിരുന്നു പതിനേഴുകാരനായ ജോർദാൻ ഓൾസെൻ. 2019 ഓഗസ്റ്റിൽ അതേ സബ്വേ യുടെ ഉടമയായിരിക്കുകയാണ് ജോർദാൻ. ഈ സ്വന്തമാക്കലിനു പിന്നിൽ കഥയുണ്ട്, ഒരു പ്രണയകഥ. ജോർദാനാണ് കഥയിലെ നായകനെങ്കിൽ സബ്വേയിൽ സാൻവിച്ച് ഉണ്ടാക്കാനെത്തിയ ജെന്നിഫറാണ് നായിക. സബ്വേയിൽ വച്ച് ഇരുവരും തമ്മിൽ പ്രണയത്തിലായി.
രണ്ടു വർഷത്തിനു ശേഷം ജോർദാൻ സൈന്യത്തിൽ ചേർന്നു. ജെന്നിഫർ സ്വന്തം നാടായ ഐഡഹോയിലേക്കും പോയി. 2002ൽ ഇരുവരും വിവാഹിതരായി. വൈകാതെ ഇരുവരും യൂട്ടായിലെത്തി താമസം ആരംഭിച്ചു. ഇതോടെ തങ്ങൾ നേരത്തെ ജോലി ചെയ്തിരുന്ന സബ്വേയിലെത്താൻ ഇരുവർക്കും സമയം കിട്ടിത്തുടങ്ങി.
വല്ലപ്പോഴുമുള്ള സന്ദർശനത്തിനിടെയാണ് സബ്വേ വിൽക്കാനുള്ള നീക്കത്തെക്കുറിച്ച് ജോർദാൻ അറിഞ്ഞത്. ഇതോടെ ജെന്നിഫറുമായി ആലോചിച്ച് ഇരുവരും ചേർന്ന് സബ്വേ വാങ്ങുകയായിരുന്നു. ബാങ്ക് വായ്പയും മറ്റും സംഘടിപ്പിച്ചാണ് ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ ഓർമയ്ക്കായി സബ്വേ സ്വന്തമാക്കിയത്. ജെന്നിഫറാണ് സബ്വേയുടെ മാനേജർ.
മൂന്നു കുട്ടികളുടെ കാര്യവും സബ്വേയുടെ നടത്തിപ്പും ഒരുപോലെ കൊണ്ടുപോകാനാകുന്നതിന്റെ സന്തോഷത്തിലാണ് ജെന്നിഫർ. നേരത്തെ വീട്ടിൽ നിന്ന് പോകണമെങ്കിലും കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങിയെത്തുന്നതിന് മുന്പ് സബ്വേയിൽ എത്താൻ പറ്റും. മാത്രമല്ല ഇഷ്ടമുള്ള ജോലി ചെയ്യുന്നതിന്റെ സന്തോഷം വേറെയും- ജെന്നിഫർ പറയുന്നു.
2019 ഡിസംബർ 30നു തുടങ്ങി 2020 ജനുവരി നാലുവരെ നീണ്ടുനിൽക്കുന്ന ഗ്രാൻഡ് റീഓപ്പണിംഗ് പരിപാടിയിലൂടെ കച്ചവടം ഗംഭീരമാക്കുകയാണ് ജോർദാൻ.