കൊച്ചി: മരട് ഫ്ളാറ്റിൽ സ്ഫോടനം നടത്തുന്പോൾ സുരക്ഷയ്ക്കായി വൻ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരിക്കുന്നത്. പൊളിക്കുന്ന ദിവസം രാവിലെ 10ന് ഫ്ലാറ്റുകൾക്കു സമീപമുള്ള കരയും കായലും ആകാശവും അതീവ സുരക്ഷാ മേഖലയാകും.
സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച ഫ്ലാറ്റിന്റെ ഭാഗങ്ങൾ അഞ്ച് അടുക്കുകളിലുള്ള കന്പിവലകൾ ഉപയോഗിച്ചു പൊതിഞ്ഞിട്ടുണ്ട്. സ്ഫോടനം നടക്കുന്ന നിലകളിൽ 2.13 മീറ്റർ ഉയരത്തിൽ കന്പിവല ഉപയോഗിച്ചു മതിലും മൂന്ന് അടുക്കുകളായി ജിയോ ടെക്സ്റ്റൈൽ കർട്ടനുകളുമുണ്ട്.
ഇരട്ട കെട്ടിട സമുച്ചയമായ ആൽഫ സെറീൻ ഫ്ലാറ്റിനു ചുറ്റിലുമായി കിടങ്ങുകൾ കുഴിച്ചിരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾ താഴേക്കു പതിക്കുന്പോഴത്തെ ആഘാതത്തിൽ ഭൂമിയിലുണ്ടാകുന്ന പ്രകന്പനങ്ങളുടെ സഞ്ചാരം തടയാനാണിത്. സമീപവാസികളെ നിർദിഷ്ട സമയത്തിനു രണ്ടര മണിക്കൂർ മുൻപേ ഒഴിപ്പിക്കും. ചുറ്റുപാടുമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. അപകടമുണ്ടാക്കുമെന്നതിനാൽ ദൃശ്യങ്ങൾ പകർത്താൻ ഡ്രോണുകൾ പോലും അനുവദിക്കില്ല.
സ്ഫോടനം നടക്കുന്പോൾ ഫ്ലാറ്റിന്റെ എത്ര അകലത്തിൽ നിൽക്കാമെന്നും എന്തൊക്കെ ചെയ്യണമെന്നും വിശദീകരിച്ചു പൊതുജനങ്ങൾക്കു ബോധവത്കരണം നടത്തുന്നുണ്ട്. അപകടമേഖലയ്ക്കു പുറത്തുനിന്നു ഫ്ലാറ്റുകൾ പൊളിക്കുന്നതു വീക്ഷിക്കാനാവും. പരിസരവാസികൾ വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞുപോകുന്നതിനു മുന്പ് വാതിലുകളും ജനലുകളും അടയ്ക്കണം.
വൈദ്യുത ഗൃഹോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും മെയിൻ സ്വിച്ച് ഓഫാക്കുകയും വേണം. വൈദ്യുതിയുടെ ചെറിയ സ്പാർക്ക് പോലും വൻ അപകടം ഉണ്ടാക്കുമെന്നതിനാൽ ഉപകരണങ്ങളിലേക്കു വൈദ്യുതി കടത്തിവിടുന്ന പവർ പോയിന്റുകൾ വരെ നിർബന്ധമായും ഓഫാക്കണം. വളർത്തു മൃഗങ്ങളെ കെട്ടിടത്തിനകത്തു സുരക്ഷിതമായി പാർപ്പിക്കുകയോ അവയുടെ കൂടുകൾ പൊതിഞ്ഞു പൊടിശല്യത്തിൽനിന്നു പൂർണസംരക്ഷണം ഉറപ്പാക്കുകയോ ചെയ്യണം.
വയോജനങ്ങളെയും കിടപ്പുരോഗികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു താത്കാലികമായി മാറ്റണം. വൈദ്യസഹായം ആവശ്യമെങ്കിൽ നഗരസഭയെ അറിയിക്കണം. തേവര എസ്എച്ച് കോളജ്, പനങ്ങാട് ഫിഷറീസ് കോളജ് എന്നിവയാണു താൽകാലിക സുരക്ഷാകേന്ദ്രങ്ങൾ.
സുരക്ഷയ്ക്ക് 2,000 പോലീസ്
ഫ്ലാറ്റുകൾ തകർക്കുന്ന ദിവസങ്ങളിൽ സുരക്ഷയൊരുക്കാനായി ഓരോ ഫ്ലാറ്റ് പരിസരത്തും 500 എന്ന കണക്കിൽ 2,000 പോലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി വിശദ പദ്ധതി തയാറാക്കിയതായി ജില്ലാ പോലീസ് മേധാവി വിജയ് സാഖറെ പറഞ്ഞു. സ്ഫോടനത്തിന് അര മണിക്കൂർ മുൻപു ഫ്ലാറ്റ് പരിസരത്തുള്ള ഇടറോഡുകളിലെ ഗതാഗതം തടയും.
10 മിനിറ്റ് മുൻപു ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിടും. സമീപത്തെ കായലിലൂടെ ജലവാഹനങ്ങളും അനുവദിക്കില്ല. ചിലവന്നൂർ, മരട് മേഖലകളിലെ കായലുകളിൽ മറൈൻ, കോസ്റ്റൽ പോലീസ് സുരക്ഷ ഉറപ്പാക്കും. പോലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിരക്ഷാസേനാ വാഹനങ്ങൾ എന്നിവയെല്ലാം വിന്യസിക്കേണ്ട സ്ഥലങ്ങൾ തീർച്ചപ്പെടുത്തിയിട്ടുണ്ട്. സ്ഫോടന ശേഷം ഏറ്റവും എളുപ്പത്തിൽ ഇവ പ്രദേശത്തേക്ക് എത്തിക്കാൻ കഴിയും.
സ്ഫോടനം കഴിഞ്ഞാൽ 15 മിനിറ്റോളം പ്രദേശം കനത്ത പൊടിയിൽ മുങ്ങും. പൊടിയടങ്ങി അര മണിക്കൂറിനുശേഷം പരിസരവാസികൾക്കു വീടുകളിലേക്കു തിരികെപ്പോകാം.