സ്വന്തം ലേഖകൻ
കൊച്ചി: മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള നിയമിതനായ ശേഷം ഒഴിവുവന്ന ബിജെപി അധ്യക്ഷപദവിയിൽ ആളെ കണ്ടെത്താൻ പാർട്ടി കേന്ദ്ര നേതൃത്വം തിരക്കിട്ട നീക്കം ആരംഭിച്ചു. ബിജെപി ദേശീയ വക്താവ് ജി.വി.എൽ. നരസിംഹറാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രസാദും കൊച്ചിയിലെത്തി സംസ്ഥാന നേതാക്കളുടെ കോർ കമ്മിറ്റി വിളിച്ചിരിക്കുകയാണ്.
മണ്ഡലം , ജില്ലാ അധ്യക്ഷൻമാരെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു കഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാന നേതാക്കളുടെയും ആർഎസ്എസിന്റെയും അഭിപ്രായം അറിഞ്ഞശേഷം പ്രഖ്യാപിക്കാനാണ് നീക്കം.
കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നത്. കേന്ദ്രത്തിലുള്ള സ്വാധീനം പ്രയോജനപ്പെടുത്തി കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് വി. മുരളീധരൻ നീക്കം നടത്തുന്നത്.
പിണറായി സർക്കാരിന്റെ അവസാന ഒരു വർഷം ശക്തമായ സമരങ്ങളിലൂടെ പാർട്ടിയെ മുന്നിലെത്തിക്കാൻ സുരേന്ദ്രനു കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് പക്ഷം ശക്തമായി എം.ടി.രമേശിനുവേണ്ടി രംഗത്തുണ്ട്.
സംസ്ഥാന പ്രസിഡന്റിനെ കേന്ദ്ര നേതൃത്വത്തിനു പ്രഖ്യാപിക്കാം. പക്ഷേ, സംഘടനയുമായി യോജിച്ചു പോകുന്നവർ വന്നാൽ സഹകരിക്കുമെന്നാണ് ആർഎസ്എസിന്റെ നിലപാട്. കുമ്മനത്തോടും രമേശിനോടുമാണ് സംഘടനയ്ക്കു താൽപര്യം. പക്വതയുടെ ഒരുമുഖം പാർട്ടിക്കു നൽകണമെങ്കിൽ കുമ്മനം ഒരിക്കൽകൂടി വരണമെന്നു വാദിക്കുന്നവരുണ്ട്.
അതേസമയം സമരമുഖങ്ങളിൽ ശക്തമായ നിലപാട് എടുക്കാനുള്ള കഴിവാണ് സുരേന്ദ്രന്റെ സാധ്യത വർധിപ്പിക്കുന്നത്. കേന്ദ്ര നേതാക്കളിൽ ചിലർക്കും ഈ അഭിപ്രായമുണ്ട്. പാർട്ടിയെ മുന്നിൽ നിന്നു നയിക്കാൻ സുരേന്ദ്രൻ വേണമെന്ന ആവശ്യം ജില്ലാ ഭാരവാഹികളുടെ യോഗങ്ങളിലും ഉയർന്നിട്ടുണ്ട്. പിണറായി സർക്കാർ വനിതാ മതിൽ പോലുള്ള സംരംഭങ്ങളുമായി വന്ന സാഹചര്യത്തിൽ ഒരു വനിതാ പ്രതിനിധിയെ സംസ്ഥാന അധ്യക്ഷയാക്കിയാൽ ശോഭാ സുരേന്ദ്രനാണ് സാധ്യത.
ബിജെപി ദേശീയ വക്താവ് ജി.വി.എൽ. നരസിംഹറാവു ഇതിനകം വി. മുരളീധരൻ, ഒ. രാജഗോപാൽ എംഎൽഎ, മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ തുടങ്ങിയവരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ആർഎസ്എസ് നേതാക്കളുടെ താൽപര്യവും ചോദിച്ചറിഞ്ഞു. അധ്യക്ഷൻ ആരായാലും ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നതു സംഘടനാ സെക്രട്ടറി സ്ഥാനമാണ്. ഇതിലേക്കു എം.ടി രമേശിനെ കൊണ്ടു വരണമെന്നാണ് ആർഎസ്എസിന്റെ ആഗ്രഹം. ആരു പ്രസിഡന്റായാലും സംസ്ഥാനത്ത് ഗ്രൂപ്പ് പോര് അവസാനിക്കുന്നില്ല എന്നതാണ് പാർട്ടിയുടെ തലവേദന.