കോഴിക്കോട്: വയനാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരന് ബസില്‍കയറാന്‍ 54 കിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്ന സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകും. യാത്രക്കാരനുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ടുള്ള പരാതി ലഭിച്ചാലുടന്‍ ജീവനക്കാര്‍ക്കെതിരേ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് ദീപികയോട് പറഞ്ഞു.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് നടപടി സ്വീകരിക്കുമെന്നാണ് സൂചന. ബസിലുണ്ടായിരുന്നത് സി.യു. ബാബു എന്ന ഡ്രൈവര്‍ കം കണ്ടക്ടറും കോഴിക്കോട്നിന്നു വര്‍ക് അറേഞ്ച്മെന്റില്‍ ഡ്യൂട്ടിക്കുവന്ന സി.പി. ഷാജിര്‍ എന്ന ഡ്രൈവറുമാണെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ അധികൃതര്‍ക്കു നല്കിയ വിശദീകരണം കളവാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
ജനുവരി രണ്ടിനാണ് വയനാട് വെള്ളമുണ്ട എയുപിസ്കൂള്‍ അധ്യാപികയായ വി.എം.റോഷ്നിക്കും മകന് സൗരവിനും ദുരനുഭവമുണ്ടായത്. കല്പറ്റ മുതല്‍ അടിവാരം വരെ ബസിനെ കാറില്‍ പിന്തുടരുകയും ഒടുവില്‍ മറികടന്ന് മുന്നില്‍ നിര്‍ത്തുകയും ചെയ്ത ശേഷമാണ് യാത്രക്കാരെ ബസില്‍ കയറാന്‍ സാധിച്ചത്. യാത്രക്കാർ തൊട്ടുപിന്നാലെയുണ്ടെന്ന് ബസ് ജീവനക്കാര്‍ മനസിലാക്കിയിട്ടും ബസ് നിര്‍ത്തുവാനോ യാത്രക്കാരെ കയറ്റാനോ തയാറായില്ല.