ന്യൂഡൽഹി: വരുമാനം കുറവായതിനാൽ കേന്ദ്രസർക്കാർ ചെലവ് ചുരുക്കുന്നു. ബജറ്റിൽ കണക്കാക്കിയതിൽനിന്ന് രണ്ടുലക്ഷം കോടി രൂപയുടെയെങ്കിലും കുറവ് വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
നികുതിപിരിവിൽ സമീപകാലത്തെ ഏറ്റവും വലിയ കുറവ് നേരിടുന്ന വർഷമാണിത്. നികുതിവരവ് ഉദ്ദേശിച്ചതിലും രണ്ടുലക്ഷം കോടി രൂപയെങ്കിലും കുറവാകുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെലവ് കർശനമായി വെട്ടിക്കുറയ്ക്കാനുള്ള ശ്രമം.
സാന്പത്തികവളർച്ച കുറവായതാണ് നികുതിവരുമാനം കുറയാൻ കാരണം. എന്നാൽ ഇതിന്റെ പേരിൽ ചെലവ് കുറയ്ക്കുന്പോൾ വളർച്ചത്തോത് വീണ്ടും താഴോട്ടു പോകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
വീണ്ടും അപകടം
മൂലധനനിക്ഷേപവും ജനങ്ങളുടെ ചെലവഴിക്കലും കുറഞ്ഞതാണ് വളർച്ചത്തോത് ആറുവർഷത്തിനിടയിലെ ഏറ്റവും താണ നിലയിൽ എത്തിച്ചത്. ഏപ്രിൽ-ജൂണിൽ അഞ്ചും ജൂലൈ-സെപ്റ്റംബറിൽ നാലരയും ശതമാനം വളർച്ചയേ രാജ്യത്ത് ഉണ്ടായുള്ളൂ. ഈ വളർച്ച സാധിച്ചതുതന്നെ വർഷത്തിന്റെ ആദ്യപകുതിയിൽ സർക്കാർ ചെലവ് ഗണ്യമായി വർധിച്ചതുകൊണ്ടാണ്. രണ്ടാംപകുതിയിൽ സർക്കാർ ചെലവ് കുറച്ചാൽ അതു വളർച്ചയെയും അതുവഴി പിന്നീട് സർക്കാരിനുള്ള വരുമാനത്തെയും ബാധിക്കും.
പക്ഷേ മറ്റു മാർഗമില്ലെന്ന നിലപാടിലാണ് സർക്കാർ. നികുതിവരുമാനത്തിൽ രണ്ടുലക്ഷം കോടിക്കു പുറമേ ഓഹരിവില്പനയിൽ അരലക്ഷം കോടി രൂപയുടെ കുറവും ഉണ്ടാകും. ബിപിസിഎൽ, എയർ ഇന്ത്യ, കോൺകോർ എന്നിവയുടെ വില്പന ഈ ധനകാര്യവർഷം നടത്താനിരുന്നതു നടക്കില്ലെന്നു വ്യക്തമായി.
മറ്റു മാർഗമില്ല
മൊത്തം വരവിൽ രണ്ടരലക്ഷം കോടിയുടെ കുറവ് വരുന്പോൾ ചെലവ് കുറയ്ക്കുകയല്ലാതെ നിർമല സീതാരാമനു മാർഗമില്ല. ഒക്ടോബറിൽത്തന്നെ ചെലവുചുരുക്കൽ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറിലും നവംബറിലുംകൂടി സർക്കാർ ചെലവാക്കിയത് 3.3 ലക്ഷം കോടി രൂപയാണ്. അതേസമയം സെപ്റ്റംബറിൽ മാത്രം 3.1 ലക്ഷംകോടി ചെലവാക്കിയിരുന്നു.
തുടർന്നുള്ള മാസങ്ങളിൽ ചെലവ് വീണ്ടും കുറയ്ക്കാനുള്ള നിർദേശം ധനമന്ത്രാലയം മറ്റു വകുപ്പുകൾക്കു നൽകിയതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെലവുചുരുക്കൽ, ചെലവുകൾ അടുത്ത ധനകാര്യവർഷത്തേക്കു മാറ്റിവയ്ക്കൽ, ചെലവ് ഒഴിവാക്കൽ എന്നീ രീതികളെല്ലാം അവലംബിക്കാനാണ് നിർദേശം.
ഇതുവരെ ബജറ്റ് വിഹിതം കാര്യമായി ചെലവഴിക്കാത്ത വകുപ്പുകളിൽനിന്നു പണം തിരിച്ചുപിടിക്കുകയും ചെയ്യും. കൃഷി, സിവിൽ വ്യോമയാനം, റോഡ് ഗതാഗതം, ഷിപ്പിംഗ്, ഇലക്ട്രോണിക്സ് തുടങ്ങിയ പല മന്ത്രാലയങ്ങളും അധികം തുക ചെലവാക്കിയിട്ടില്ല. അവരുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചേക്കും.
ധനകമ്മി
ഈ വർഷത്തെ ബജറ്റിൽ ധനകമ്മി 7,03,760 കോടി രൂപ അഥവാ ജിഡിപിയുടെ 3.3 ശതമാനം ആയി നിർത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഇപ്പോഴത്തെ വിലനിലവാരത്തിൽ 211 ലക്ഷം കോടി രൂപയുടെ ജിഡിപി ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ ബജറ്റ് പ്രതീക്ഷ. ഇപ്പോൾ പുതിയ പ്രതീക്ഷയനുസരിച്ച് ജിഡിപി 202 ലക്ഷം കോടി രൂപയേ ഉണ്ടാകൂ. നികുതിവരുമാനം 16.5 ലക്ഷം കോടിയിൽനിന്ന് 14.5 ലക്ഷം കോടി രൂപയിലേക്കു കുറയും. നികുതിയിതര വരുമാനത്തിലും സാരമായ കുറവു വരും.
ഈ സാഹചര്യത്തിൽ കമ്മി പിടിവിട്ടു പോകാതിരിക്കാൻ ചെലവ് വെട്ടിക്കുറയ്ക്കുകയല്ലാതെ മാർഗമില്ലെന്നു സർക്കാർ കരുതുന്നു. എങ്കിൽപോലും ധനകമ്മി 3.8 ശതമാനത്തിലേക്കു കൂടുമെന്നാണു പലരും വിലയിരുത്തുന്നത്.