കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു ബംഗളൂരുവിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മതം മാറ്റാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒത്താശ ചെയ്തുകൊടുത്തതിനു മലയാളി ദമ്പതികളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍ താമസിച്ചിരുന്ന അന്‍സാര്‍ എന്ന അന്‍വറും (30) ഭാര്യയുമാണ് പിടിയിലായതെന്നു പരപ്പന അഗ്രഹാര പോലീസ് അറിയിച്ചു.ഇലക്ട്രോണിക്സ് സിറ്റിയില്‍ അന്‍വറിന്റെ വീട്ടില്‍വച്ചാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായ റിഷാബ് പീഡനത്തിനിരയാക്കിയതായി പരാതിയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പോലീസിന്റെ പിടിയിലായ റിഷാബ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
കാസര്‍ഗോഡ് ജില്ലയിലെ ഹിന്ദു കുടുംബാംഗമായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയും ഇതിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതായാണു കേസ്.
കുടുംബത്തോടൊപ്പം ഇസ്ലാം മതത്തിലേക്കു മാറാന്‍ തയാറായില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കര്‍ണാടക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൈയിലെ ഓം എന്നെഴുതിയ മുദ്ര മായ്ച്ചുകളയണമെന്നും നെറ്റിയില്‍ സിന്ദൂരം തൊടുന്നത് അവസാനിപ്പിക്കണമെന്നും റിഷാബ് ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു.
കാസര്‍ഗോഡുനിന്നു കൂട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ മൂന്നു ദിവസം അന്‍വറിന്റെ വീട്ടിലാണു താമസിപ്പിച്ചിരുന്നത്. കൃത്യം നടത്തുന്നതിനു സ്വന്തം വീട്ടില്‍ സൗകര്യമൊരുക്കിക്കൊടുത്തതിനൊപ്പം പെണ്‍കുട്ടിക്കു കോക്ടെയിലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നൽകുന്നതിലും പീഡനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും അന്‍വറിന്റെയും ഭാര്യയുടെയും സഹായമുണ്ടായിരുന്നതായാണു സംശയിക്കുന്നത്.
ബിജെപി നേതാവും ഉഡുപ്പി എംപിയുമായ ശോഭ കരന്തലജെയോടൊപ്പം പെണ്‍കുട്ടി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ നേരില്‍ക്കണ്ടു പരാതി നൽകിയതിനെത്തുടര്‍ന്നാണ് ബംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.