കരുവാരകുണ്ട്: കൽകുണ്ട് മേഖലയിൽ വാനരശല്യം രൂക്ഷം. ഇവയുടെ ശല്യം അനിയന്ത്രിതമായി തുടരുന്നത് കർഷക കുടുംബങ്ങളെ പ്രയാസത്തിലാക്കുകയാണ്. വൻതോതിൽ കൊക്കോ കായ്കളാണ് ഇവ നാശം വരുത്തുന്നത്.
നേരത്തേ ഉൾവനങ്ങളിൽ കണ്ടുവന്നിരുന്ന വാനരപട ഇന്ന് കൃഷിയിടങ്ങളിലാണ് കൂട്ടമായി തന്പടിക്കുന്നത്. വാനര കൂട്ടത്തെ എത്ര ശ്രമിച്ചിട്ടും കൃഷിയിടങ്ങളിൽ നിന്നും അകറ്റി നിർത്താൻ കഴിയാതെ വരുകയാണന്ന് കൽകുണ്ടിലെ ബെന്നി ഉപ്പുമാക്കൽ പറഞ്ഞു. ഇതോടെ കൊക്കോമരങ്ങൾ മുറിച്ചു മാറ്റാൻ കർഷകർ നിർബന്ധിതരാകുകയാണ്.
വാനര ശല്യം സഹിക്കവയ്യാതെ പ്രദേശത്തെ ഏക്കർ കണക്കിന് കൊക്കോമരങ്ങൾ നേരത്തേ കർഷകർ ഒഴിവാക്കിയിരുന്നു. തെങ്ങ്, കമുക് തുടങ്ങിയ കൃഷിയിടങ്ങളിൽ ഇടവിളകളായാണ് കൊക്കോ കൃഷി നടത്തുന്നത്.
സ്വന്തമായി വിളവെടുപ്പ് നടത്താമെന്നതുകൊണ്ടു കൊക്കോ ആദായകരമായ കൃഷിയാണന്നും കർഷകർ പറയുന്നു. കൊക്കോക്കു പുറമേ കമുകിൽ കയറി അടക്കായും തെങ്ങിൽ നിന്ന് ഇളനീരടക്കം ഇവ നാശം വരുത്തും. കുരുമുളകു ചെടികൾക്കും ഇവ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
വീടുകളുടെ ഓടിളക്കി അകത്തു കടക്കുന്ന വാനര സംഘം പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ വരെ മലിനപ്പെടുന്ന അവസ്ഥയാണ്. വനം വകുപ്പധികൃതരോട് പരാതി പറഞ്ഞിട്ടും പ്രയോജനമില്ലന്നാണ് കർഷകർ പറയുന്നത്.