നാദാപുരം: ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്തതോടെ കുടുബം പെരുവഴിയിൽ. ചെക്യാട് താനക്കോട്ടൂരിലെ ഓട്ടോ ഡ്രൈവറായ കല്ലു പൊയിൽ നാണു, ഭാര്യ ബിന്ദു രണ്ട് പെൺമക്കളുമടങ്ങിയ കുടുംബമാണ് പെരുവഴിയിലായത്. അഞ്ച് വർഷം മുമ്പാണ് നാണു പാറക്കടവ് കെഡിസി ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്തത്.
വീട് നിർമാണത്തിനും മറ്റു മായിരുന്നു വായ്പയെടുത്തത്. നിരവധി തവണകളായി ഒന്നര ലക്ഷം രൂപ തിരിച്ചടച്ചതായി നാണു പറയുന്നു. എന്നാൽ പലിശയും പിഴപലിശയുമടക്കം മൂന്ന് ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ നാണുവിനോട് പറഞ്ഞത്. പാറക്കടവ് ടൗണിലെ ഓട്ടോ ഡ്രൈവറായ നാണു സാമ്പത്തികഭാരം രൂക്ഷമായതോടെ ബംഗളൂരുവിലേക്ക് ജോലിക്ക് പോയി.
ഇതിനിടെ നാലിന് കോടതി ഉത്തരവുമായി വന്ന ബാങ്ക് അധികൃതർ വീട് പൂട്ടി സീൽ ചെയ്തു. കാവലിനായി സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചു. ഇതോടെ കുടുംബത്തിന് വീട്ടിൽ പ്രവേശിക്കാൻ കഴിയാതെയായി. മക്കളുടെ ബാഗും പുസ്തകങ്ങളും വസ്ത്രങ്ങളുമടക്കം വീടിനുള്ളിലായതോടെ കുടുംബം ദുരിതക്കയത്തിലായി.
കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയാണ് വീടിന് കാവൽ നിൽക്കുന്നത്.
കുടുംബത്തിന്റെ ദയനീയവസ്ഥ മനസിലാക്കിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്ക് അധികൃതർ പലിശയും പിഴപ്പലിശയുമടക്കമുള്ള തുക ഇളവ് ചെയ്ത് കൊടുത്താൽ ബാങ്കിലടക്കാനുള്ള തുക നൽകാമെന്ന് നാട്ടുകാർ പറയുന്നു. നിർദ്ധന കുടംബത്തിന്റെ നിസഹായവസ്ഥ അധികൃതർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സർഫാസി നിയമ പ്രകാരം നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. നിലവിൽ കോടതി ഉത്തരവാണ് നടപ്പിലാക്കിയത്.
കഴിഞ്ഞ ഫിബ്രവരി മാസത്തിലും ഒക്ടോബർ മാസത്തിലും കുടംബത്തിന് നോട്ടീസ് നൽകിയിരുന്നു. ഡിസംബർ 31 ന് മുമ്പ് ഇടപാട് തീർക്കണമെന്ന് ബാങ്ക് അധികൃതർ നേരിട്ട് ആവശ്യപ്പെട്ടിട്ടും തുടർ നടപടികളോ പ്രതികരണങ്ങളോ ഇല്ലാതിരുന്നതിനാൽ നിയമ നടപടി സ്വീകരിക്കാൻ തെയ്യാറായതെന്ന് ബാങ്ക് മാനേജർ ഷിനോദ് പറഞ്ഞു.