കോട്ടയം: ദേശീയ പണിമുടക്കിനിടെ സമരാനുകൂലികൾ ഹൗസ് ബോട്ട് തടഞ്ഞതിൽ പരാതിയില്ലെന്നു നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ്. വിവാദങ്ങളോടു താത്പര്യമില്ലെന്നു ലെവിറ്റ് മാധ്യമങ്ങളോടു പ്രതികരിച്ചു. സംഭവത്തിനുശേഷം ലെവിറ്റ് ആലപ്പുഴ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണു പരാതിയില്ലെന്ന നിലപാടു സ്വീകരിച്ചത്.
സമരാനുകൂലികൾ ഹൗസ് ബോട്ട് തടഞ്ഞതിനെ ബുധനാഴ്ച ലെവിറ്റ് നിശിതമായി വിമർശിച്ചിരുന്നു. താൻ കൊള്ളക്കാരുടെ തോക്കിനു മുന്നിൽ പെട്ടപോലെയായിരുന്നു എന്നാണു ലെവിറ്റ് സംഭവശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്. കായലിൽ വിനോദസഞ്ചാരികളെ തടയുന്നതു കേരള ടൂറിസത്തിനുതന്നെ തിരിച്ചടിയാണ്. ഇതു കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്കുന്നു. സർക്കാരിന്റെ അതിഥിയായിട്ടും വിഐപിയായിട്ടും ഒരു മണിക്കൂറോളം തന്നെ തടഞ്ഞുവച്ചെന്നും ലെവിറ്റ് കുറ്റപ്പെടുത്തി.
ലെവിറ്റും ഭാര്യയുമുൾപ്പെടെയുള്ളവർ യാത്ര ചെയ്ത ബോട്ടാണ് ഒന്നര മണിക്കൂറോളം സമരാനുകൂലികൾ കെട്ടിയിട്ടത്. കുമരകത്തുനിന്നു വിനോദസഞ്ചാരികളുമായെത്തിയ ലേക്വ്യൂ റിസോർട്ടിന്റെ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ രാവിലെ 10.30 ഓടെയാണ് തടഞ്ഞത്. സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്നു കരയ്ക്കടുപ്പിച്ച ബോട്ട് സമരക്കാർ കെട്ടിയിടുകയായിരുന്നു. ഇതോടൊപ്പം തടഞ്ഞ ഏഴു ബോട്ടുകളും സമരക്കാർ കെട്ടിയിട്ടു.
11.30 ഓടെയാണു സംഭവം തങ്ങളറിഞ്ഞതെന്നു പുളിങ്കുന്ന് എസ്ഐ പറഞ്ഞു. ബോട്ടിൽ പോലീസ് സംഘം എത്തിയപ്പോഴേക്കും സമരക്കാർ വിനോദസഞ്ചാരികളെ യാത്ര തുടരാൻ അനുവദിച്ചിരുന്നു.