കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 2636 ചാർജിംഗ് സ്റ്റേഷനുകൾക്ക് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം അനുമതി നൽകി. 24 സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രാജ്യത്തെ 62 നഗരങ്ങളിൽ ഇത്രയും സ്റ്റേഷനുകൾ സ്ഥാപിക്കാം. കേരളത്തിൽ 131 ചാർജിംംഗ് സ്റ്റേഷനുകൾക്ക് കെഎസ്ഇബിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചി (50 എണ്ണം), തൃശൂർ (28), കണ്ണൂർ (27), കോഴിക്കോട് (26) എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ അനുമതി. ഇതിനായി ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കും.
നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു സ്റ്റേഷൻ എന്ന രീതിയിലാണു സ്ഥാപിക്കുക. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനും ഇതു വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചാർജിംഗ് സ്റ്റേഷനുകൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ, കെഎസ്ഇബിയുടെ ഓഫീസുകളായ ഇലക്ട്രിക്കൽ സെക്ഷൻ നേമം (തിരുവനന്തപുരം), ഇലക്ട്രിക്കൽ സെക്ഷൻ ഓലൈ (കൊല്ലം), 110 കെവി സബ് സ്റ്റേഷൻ കലൂർ (എറണാകുളം), 110 കെവി സബ് സ്റ്റേഷൻ വിയ്യൂർ (തൃശൂർ), 220 കെവി സബ്സ്റ്റേഷൻ നല്ലളം (കോഴിക്കോട്), 110കെവി സബ് സ്റ്റേഷൻ ചൊവ്വ (കണ്ണൂർ) എന്നീ ആറിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ നിലവിൽവരും.
വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന കേരളത്തിലെ നോഡൽ ഏജൻസിയാണ് കെഎസ്ഇബി. മൂന്നു ജില്ലകളിലായി 64 സ്റ്റേഷനുകൾ എംപാനൽ ചെയ്ത ഏജൻസികൾ വഴി നടപ്പാക്കാനും ഉദ്ദേശിക്കുന്നു. ആയതു എറണാകുളം-41, കോഴിക്കോട്-14, തിരുവനന്തപുരം-9 എന്നിങ്ങനെയാണ് എംപാനൽ ഏജൻസികൾ. 64 സ്റ്റേഷനുകളിൽ 33 എണ്ണം സർക്കാർ- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും, 20 എണ്ണം കെഎസ്ഇബിയുടെ ഉടമസ്ഥതയിലും, ബാക്കി 11 എണ്ണം സ്വകാര്യ മേഖലക്കുമായി നീക്കിവച്ചു. ഇതിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുന്നു.