ആലപ്പുഴ: ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്നുള്ള പരാതിയിൽ പോലീസ് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് എൻജിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുള്ളതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് ജില്ല പോലീസ് മേധാവി കെ.എം. ടോമി. മരിച്ച യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കൃത്യമായി പരിശോധിച്ചാൽ ഇതു മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജയരാജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെറിയ വകുപ്പു പ്രകാരമാണ് പരാതി എടുത്തത്. സഹോദരനെ മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്.
പരാതിയിൻമേൽ സാധാരണ സ്വീകരിക്കേണ്ട നടപടികൾ മാത്രമേ പോലീസ് എടുത്തിട്ടുള്ളൂവെന്നും ജില്ല പോലീസ് മേധാവി രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം മകന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുധാകരൻ മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്, ഡിജിപി ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
ആലപ്പുഴ കരളകം വാർഡിൽ പുത്തൻവീട്ടിൽ സുധാകരൻ-മായ ദന്പതികളുടെ മകൻ അക്ഷയ് ദേവിനെ(മാധവൻ-19) ആണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നാലിന് അക്ഷയ് ദേവ് സുഹൃത്തും അയൽവാസിയുമായ അയ്യൻ താറ്റ് വീട്ടിൽ ഇന്ദുവിന്റെ മകൻ അരുണു(കണ്ണൻ)മായി ഫോണിൽ ഇരട്ടപേർ വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായിരുന്നു. അഞ്ചിന് രാവിലെ അക്ഷയ് ദേവ് കണ്ണന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സംസാരിച്ചു തീർക്കാമെന്നു പറഞ്ഞെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന കണ്ണന്റെ അമ്മ ഇന്ദു അക്ഷയ്ദേവിനെ കേസിൽ കുടുക്കി നിന്നെയും അച്ഛൻ, സഹോദരൻ അമൽ ദേവ് എന്നിവരെയും അകത്താക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
പിന്നീട് വീട്ടിലേക്ക് അക്ഷയ് ദേവ് മടങ്ങി. രാത്രി എട്ടോടെ കണ്ണനും സുഹൃത്ത് മിഥുനും ചേർന്ന് അക്ഷയ് ദേവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി റോഡിലിട്ടു മർദിച്ചപ്പോൾ സമീപത്ത് പലചരക്ക് കച്ചവടം നടത്തുകയായിരുന്ന അക്ഷയ് ദേവിന്റെ പിതാവും മറ്റുള്ളവരും എത്തി പിടിച്ച് മാറ്റിയിരുന്നു. മടങ്ങിപ്പോയ കണ്ണൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് പോലീസ് കേസ് എടുത്തു. രാത്രി 1.30 ഓടെ പോലീസ് വീട്ടിൽ എത്തി രാവിലെ 10ന് നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു.
അടുത്ത ദിവസം അക്ഷയ് ദേവ്, പിതാവ് സുധാകരൻ, സഹോദരൻ അമൽ ദേവ് എന്നിവർ എന്നിവ രാവിലെ 10ന് സ്റ്റേഷനിൽ എത്തി. രാവിലെ എത്തിയ ഇവരെ വൈകുന്നേരം 6.30മണിവരെ സ്റ്റേഷനിൽ നിർത്തി. കണ്ണൻ നൽകിയ കേസിൽ അക്ഷയ് ദേവും സുധാകരനും പ്രതികളാണ്. സംഭവത്തിൽ പിടിച്ചുമാറ്റാൻ എത്തിയ വിനീഷിനെതിരെ മിഥുൻ നൽകിയ പരാതിയിൽ പ്രതിയാക്കി പോലീസ് കേസും എടുത്തു. ഒരു കേസിലും ഉൾപ്പെടാത്ത അക്ഷയ് ദേവിന്റെ സഹോദരൻ അമൽ ദേവിനെ പോലീസ് ഉദ്യോഗസ്ഥരിലൊരാൾ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തതായാണ് വീട്ടുകാരുടെ പരാതി.
അടിപിടിയിൽ സ്വർണം നഷ്ടപെട്ടെന്ന ചാർജും ചുമത്തി. സ്റ്റേഷനിൽ നിന്ന് എല്ലാവർക്കും ജാമ്യം നൽകി വിട്ടയച്ചുവെങ്കിലും വീട്ടിൽ എത്തിയ അക്ഷയ് ദേവ് ഏഴിന് വൈകുന്നേരത്തോടെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന് പരമാവധി ശിക്ഷ കൊടുക്കണമെന്നു രേഖപ്പെടുത്തിയ അക്ഷയ് ദേവിന്റെ ആത്മഹത്യാ കുറിപ്പും മുറിക്കുള്ളിൽ നിന്നും ലഭിച്ചിരുന്നു. ആലപ്പുഴ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക്സിലെ മാസ്റ്റർ സെൽഫോണ് എൻജിനീയറിംഗിൽ രണ്ടാം വർഷ വിദ്യാർഥിയാണ് അക്ഷയ് ദേവ്.