തിരുവനന്തപുരം: കുടുംബ വഴക്കിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഴൂർ പെരുങ്ങുഴി റെയിൽവെ സ്റ്റേഷന് സമീപം ചരുവിള വീട്ടിൽ താമസിക്കുന്ന അനിൽകുമാർ (41) നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
പെരുങ്ങുഴി അനുപമാ ജംഗ്ഷന് സമീപം കരിക്കാട്ടു വിളവീട്ടിൽ അനീഷിനെ (35) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- അനീഷിന്റെ സഹോദരൻ അഭിലാഷിന്റെ ഭാര്യ പിതാവാണ് പ്രതി അനിൽകുമാർ. അനിൽകുമാറും ബന്ധുക്കളും ചേർന്ന് അഭിലാഷിനെ ഇന്നലെ ക്രൂരമായി മർദ്ദിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട അനീഷ് ഇക്കാര്യം ചോദിക്കാൻ അനിൽകുമാറിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതി പ്രകോപിതനായി അനീഷിനെ കുത്തിവീഴ്ത്തിയത്. വയറിൽ ആഴത്തിൽ മൂന്ന്്് കുത്തേറ്റ അനീഷിനെ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അനീഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചിറയിൻകീഴ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ സജീഷ്, എസ്ഐ. വിനേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.